Categories

ഇന്ത്യ-പാക് മത്സരം: 3,000 പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യ വിസ നല്‍കും

ന്യൂദല്‍ഹി: ഇന്ത്യ-പാക് മത്സരത്തോടനുബന്ധിച്ച് 3,000 പാക്ക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വിസ  നല്‍കാന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഇത്രയും പാക് ആരാധകര്‍ക്ക് ആദ്യമായാണ് ഇന്ത്യ ഒരുമിച്ച് വിസ അനുവദിക്കുന്നത്. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളുമാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുന്നത്. ഡിസംബര്‍ 25-ന് ബാംഗളൂരിലാണ് പരമ്പരയിലെ ആദ്യ മത്സരം.

Ads By Google

ദല്‍ഹിയിലെ മത്സരത്തിന് 1,000 പാക്ക് ആരാധകര്‍ക്ക് പ്രവേശനം നല്‍കും. എന്നാല്‍ മറ്റ് വേദികളിലെ മത്സരത്തിന് 500 പാക്ക് പൗരന്മാരെ വീതമേ പ്രവേശിപ്പിക്കൂ.

വിസ നടപടികള്‍ വേഗത്തിലാക്കാന്‍ ബി.സി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴി നേരിട്ട് പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. വിമാന മാര്‍ഗമോ ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തീവണ്ടി മാര്‍ഗമോ മാത്രമേ പാക്ക് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രവേശനമുള്ളൂ.

2007-ലാണ് പാക്കിസ്ഥാന്‍ ഒടുവില്‍ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 2008-ലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം നിലച്ചിരുന്നു.