ഓര്‍ഡോസ് (ചൈന): ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ചൈനയെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യക്കായി ഗുരീന്ദര്‍ സിങ്, യുവരാജ് വാല്‍മീകി, രുപീന്ദര്‍ പാല്‍ സിങ്, രാജ്പാല്‍ സിങ്, രഘുനാദന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ഇന്ത്യ കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ കണ്ടെത്തിയിരുന്നു. ഗുര്‍വിന്ദര്‍ സിങ്ങാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. തണുത്ത തുടക്കത്തിന് ശേഷം കിട്ടിയ നല്ലൊരവസരം സിങ് മുതലാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം ചൈന കൂടുതല്‍ പ്രതിരോധത്തിലൂന്നിയെങ്കിലും 21-ാം മിനിറ്റില്‍ യുവരാജ് വാല്‍മീകിയിലൂടെ ഇന്ത്യ വീണ്ടും ഗോള്‍ കണ്ടെത്തി.

രണ്ടാം പകുതിയുടെ 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി രുപീന്ദര്‍ ഇന്ത്യുടെ ലീഡ് വര്‍ധിപ്പിച്ചു. മൂന്ന് മിനിട്ടിന് ശേഷം ക്യാപ്റ്റന്‍ രാജപാലിലൂടെ ഇന്ത്യ നാലാം ഗോളും നേടി. കളിതിരാന്‍ എട്ട് മിനിറ്റ് ശേഷിക്കെ പെനാല്‍ട്ടി കോര്‍ണറിലൂടെ രഘുനാദന്‍ ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

പരിക്ക കാരണം പ്രമുഖ താരങ്ങള്‍ ടീമിന് പുറത്തായത് ചൈനക്ക് തിരിച്ചടിയായി. കളിയിലുടനീളം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഫിനിഷിങിലെ പോരായമയാണ് കനത്ത തോല്‍വിയില്‍ നിന്ന്് ചൈനയെ രക്ഷിച്ചത്. അമിതമായ പ്രതിരോധത്തിലൂന്നിയാണ് ചൈന കളിച്ചത്. ഞായറാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഉദ്ഘാടന മത്സത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദക്ഷിണ കൊറിയ 3-2ന് ജപ്പാനെതോല്‍പ്പിച്ചിരുന്നു.