ഓര്‍ദോസ് (ചൈന): ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് രണ്ടാം ജയം. യുവതാരങ്ങള്‍ നിറഞ്ഞ ടീമിന്ത്യ 5-3നാണ് എതിരാളികളായ ദക്ഷിണകൊറിയയെ തോല്‍പ്പിച്ചത്.

ഇന്ത്യക്കായി രൂപീന്ദര്‍ സിങ്ങ്, ഗുര്‍വിന്ദര്‍ സിങ്ങ്, എസ്.വി സുനില്‍, രാജ്പാല്‍ സിങ്ങ്, യുവരാജ് വാല്‍മീകി എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയന്റ് നേടിയ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

പുതിയ കോച്ച് മൈക്കല്‍ നോബ്‌സിന്റെ ശിക്ഷണത്തില്‍ ടൂര്‍ണ്ണമെന്റിനിറങ്ങിയ യുവഇന്ത്യന്‍ ടീം ദക്ഷിണ കൊറിയക്കെതിരെ ആദ്യ അരമണിക്കുറിനുള്ളില്‍ തന്നെ നാല് ഗോളുകള്‍ അടിച്ച് കൂട്ടി വ്യക്തമായ മേധാവിത്വം നേടിയിരുന്നു. ആദ്യ പകുതിയി അവസാനിക്കുമ്പോള്‍ 4-2ന് മുന്നിലായിരുന്നു ഇന്ത്യ.

ആദ്യ പത്ത് മിനിട്ടിനുള്ളില്‍ തന്നെ മൂന്ന്് തവണയാണ് ഇന്ത്യ കൊറിയന്‍ വല കുലുക്കിയത്. നാലാം മിനിട്ടില്‍ രുപീന്ദര്‍ സിങാണ് ഇന്ത്യന്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗുര്‍വീന്ദര്‍ സിങ് ചന്ദി ഇന്ത്യക്കായി ലക്ഷ്യം കണ്ടു. ഏഴാം മിനിറ്റില്‍ സുനില്‍ വീണ്ടും കൊറിയന്‍ ഗോളിയെ കീഴടക്കി.

ഇരുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ രാജ്പാല്‍ സിങ് ടൂര്‍ണ്ണമെന്റിലെ തന്റെ രണ്ടാം ഗോള്‍ നേടി ഇന്ത്യയുടെ ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനിറ്റില്‍ യുവരാജ് വാല്‍മീകിയിലൂടെ ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അടുത്ത മത്സരം മലേഷ്യയുമായിട്ടാണ്.

ആദ്യ മത്സരത്തില്‍ ചൈനയ്‌ക്കെതിരെയും ഇന്ത്യ അഞ്ച് ഗോള്‍ അടിച്ച് കുട്ടി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യമത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആവേശത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് പക്ഷെ അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി ജപ്പാനുമായി സമനില പങ്കിടേണ്ടി വന്നു.

ഒന്നാം പകുതിയുടെ 22ാം മിനിറ്റില്‍ ഗുര്‍വീന്ദര്‍ സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നു. എന്നാല്‍, ജപ്പാനുവേണ്ടി നവോതൊ ഷിയൊകവ 69ാം മിനിറ്റില്‍ ഗോള്‍ മടക്കിയതോടെ ഇന്ത്യക്ക് അര്‍ഹിച്ച വിജയം നഷ്ടമാകുകയായിരുന്നു.