ഡൊമിനിക്ക: മൂന്നാം ടെസ്റ്റ തുടങ്ങിയശേഷം ആദ്യമായി മഴയൊഴിഞ്ഞ് നിന്ന വില്‍ഡോസ് പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 204നെതിരേ ഇന്ത്യ ആറ് വിക്കറ്റിന് 308 റണ്‍സ് നേടിയിട്ടുണ്ട്. നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യയ്ക്കിപ്പോള്‍ 104 റണ്‍സിന്റെ ലീഡായി. ഇന്ത്യന്‍ നിരയിലെ നാല് പേര്‍ അര്‍ദ്ധസെഞ്ച്വറി കണ്ട മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 65 റണ്‍സോടെ ക്യാപ്റ്റന്‍ എം.എസ്.ധോണിയും 12 റണ്‍സോടെ ഹര്‍ഭജന്‍ സിംഗുമാണ് ക്രീസില്‍.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ അഭിനവ് മുകുന്ദ് (62) കന്നി അര്‍ദ്ധസെഞ്ച്വറി നേടിയപ്പോള്‍ , വി.വി.എസ്.ലക്ഷമണ്‍ (56), സുരേഷ് റെയ്‌ന (50) വിരാട് കോഹ്‌ലി (30) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം തുടങ്ങിയ ഇന്ത്യയെ കാത്തിരുന്നത് തകര്‍പ്പന്‍ തിരിച്ചടി. കളി തുടങ്ങി മൂന്നാമത്തെ ഓവറില്‍തന്നെ ഫോമിലല്ലാത്ത മുരളി വിജയ് പുറത്ത്. അഞ്ചു റണ്‍സ് മാത്രമെടുത്ത വിജയ് എഡ്വേഡ്‌സിന്റെ പന്തില്‍ കീപ്പര്‍ കാള്‍ട്ടണ്‍ ബോയ്ക്കു പിടികൊടുത്തു.

വിശ്വസ്ഥനായ രാഹുല്‍ ദ്രാവിഡ് 11 പന്തു മാത്രം നേരിട്ട് മടങ്ങി. അഞ്ചു റണ്‍സെടുത്ത ദ്രാവിഡിനെ സമ്മി പുറത്താക്കി. രണ്ടിന് 18 എന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ പിന്നീട് മുകുന്ദും ലക്ഷ്മണും ചേര്‍ന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. ഇരുവരും കൂടി മൂന്നാം വിക്കറ്റില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 149 പന്തില്‍ നിന്നും 62 റണ്‍സെടുത്ത മുകുന്ദിനെ എഡ്വാര്‍ഡ് പുറത്താക്കി. തുടര്‍ന്ന് വന്ന കോഹ്‌ലി 30 റണ്‍സെടുത്ത് സമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്‌കോര്‍ 172 ല്‍ എത്തിയപ്പോള്‍ ലക്ഷമണന്റെ വിക്കറ്റും നഷ്ടമായതിനെത്തുടര്‍ന്ന് ഒത്ത്‌ചേര്‍ന്ന് ധോണിയും റെയ്‌നയും 103 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 275 ലെത്തിയപ്പോള്‍ 50 റണ്‍സെടുത്ത റെയ്‌ന എഡ്വാര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. തുടര്‍ന്ന്‌വന്ന ഹര്‍ഭജന്‍ 12 റണ്‍സുമായി ക്യാപ്റ്റനോടൊപ്പം ക്രീസിലുണ്ട്. പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ധോണി ഇതുവരെ 109 പന്തില്‍ നിന്നായി 65 റണ്‍സെടുത്തിട്ടുണ്ട്.

വിന്‍ഡീസിനായി എഡ്വാര്‍ഡും സമിയും 2 വിക്കറ്റ് വീതം വീഴിത്തിയപ്പോള്‍ ശേഷിച്ച രണ്ട് വിക്കറ്റ് ബിഷോവും ചന്ദര്‍പാലും നേടി.