സിംഗപൂര്‍: ഇന്ത്യ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. ബാലിയില്‍ നടക്കുന്ന ചേരിചേരാ സഖ്യത്തിന്റെ (നാം) സമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഇ. അഹമ്മദാണ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്.

‘ഒരു പരമാധികാര സ്വതന്ത്ര ഉറച്ച ഫലസ്തീന്‍ ഐക്യനാടിനുവേണ്ടി പോരാടുന്ന ഫലസ്തീനിയന്‍ ജനതയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നു.’- അഹമ്മദ് പറഞ്ഞു. ഫത്തായും ഹമാസും തമ്മില്‍ അടുത്ത കാലത്ത് നടന്ന ഒത്തുതീര്‍പ്പുകളെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഒരു ഫലസ്തീന്‍ ഉണ്ടാകണമെന്നും അത് ഇസ്രായേലുമായി സമാധാനത്തോടെ വര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാമിന്റെ 16-മത് മന്ത്രിതല സമ്മേളനമാണ് ഇപ്പോള്‍ ഇന്തോനേഷ്യയുടെ ബാലി ദ്വീപില്‍ നടന്നുവരുന്നത്. 118 അംഗങ്ങളാണ് നാമിലുള്ളത്.