ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റാന്‍ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ (എഫ്.ഐ.എച്ച്)തീരുമാനിച്ചു. പുതിയ വേദി ഒരാഴ്ചക്കകം തീരുമാനിക്കുമെന്നും രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.

ഇന്ത്യയിലെ ഹോക്കി സംഘടനകളായ ഹോക്കി ഇന്ത്യയും ഹോക്കി ഫെഡറേഷനും തമ്മിലുള്ള മുപ്പിളമ തര്‍ക്കത്തെതുടര്‍ന്നാണ് കടുത്ത തീരുമാനമെടുക്കാന്‍ എഫ്.ഐ.എച്ചിനെ പ്രേരിപ്പിച്ചത്. കൂടാതെ ഒരു രാജ്യത്ത് ഒറു സംഘടനയേ പാടുള്ളൂ എന്നാണ് എഫ്.ഐ.എച്ച് നിഷ്‌കര്‍ഷിക്കുന്നത്. ഇതും വേദി മാറ്റത്തിന് കാരണമായി.

വേദി മാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും കുറ്റബോധമുണ്ടെങ്കിലും അനുയോജ്യമായ തീരുമാനമാണിതെന്നും തീരുമാനമറിയിച്ച് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട് ലിയാനാഡ്രോ നെഗ്രെ പറഞ്ഞു. തീരുമാനം ടീമുകള്‍ക്കും സംഘാടകര്‍ക്കും ആരാധകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം പക്ഷെ കളിയോടുള്ള സത്യസന്ധത നിലനിറുത്താന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഡിസംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കേണ്ടിയിരുന്നത്. അതേസമയം സെപ്റ്റംബറില്‍ നെഗറുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വേദി മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുമെന്ന് കേന്ദ്ര കായിക മന്തി അജയ് മാക്കന്‍ പറഞ്ഞു.

രാജ്യാന്തര ഹോക്കി ഫെഡറേഷന്റ തീരുമാനത്തിനെതിരെ രാജ്യത്തെ വിവിധ കായിക സംഘടനകളും മുന്‍ ഹോക്കി താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.