ന്യൂദല്‍ഹി: ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് കടലില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള കരാറില്‍ ഇന്ത്യയും വിയറ്റ്‌നാമും ഒപ്പുവെച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ വിയറ്റ്‌നാം പ്രസിഡന്റ് ട്രുവോങ് ടാന്‍ സാങും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാണിജ്യസുരക്ഷാതന്ത്രപ്രധാന കരാറുകളില്‍ ഒപ്പിട്ടത്. കുറ്റവാളികളെ കൈമാറുന്നതുള്‍പ്പെടെയുള്ള കരാറുകളും ഇതിലുള്‍പ്പെടുന്നുണ്ട്.

ദക്ഷിണ ചൈനാ കടലില്‍ എണ്ണ പര്യവേക്ഷണം, കുറ്റവാളികളെ കൈമാറുന്നതുള്‍പ്പെടെ ഈ കരാറുകളിലൂടെ സാധ്യമാകും. പ്രതിരോധം, സാങ്കേതികശാസ്ത്രം, സംസ്‌കാരം എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകളും നടന്നു. 2012 ഇന്ത്യയും വിയറ്റ്‌നാമുമായുള്ള സൗഹൃദത്തിന്റെ വര്‍ഷമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാര്‍ഷികമാണിത്.

വിയറ്റ്‌നാം മേഖലയിലെ ഇന്ത്യന്‍ പര്യവേക്ഷണപദ്ധതികളില്‍ ചൈനക്ക് അസ്വസ്ഥതയുണ്ട്. ദക്ഷിണചൈനാ കടലിന്‍മേല്‍ ചൈനയുടെ അവകാശവാദം തള്ളിയാണ് ഇന്ത്യയും വിയറ്റ്‌നാമും പദ്ധതികളുമായി മുന്നോട്ടു പോവുന്നത്. വിയറ്റ്‌നാമും ഇന്ത്യയുമായുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷം 270 കോടി ഡോളറിന്റേതായിരുന്നു. 2015-ഓടെ ഇത് 700 കോടി ഡോളറാക്കാനാണ് ഉദ്ദേശിക്കുന്നത്.