Categories

മൊഹാലിയിലൊരു രഹാനെ ചരിതം

ഹൈദരാബാദ്: ഇംഗ്ലണ്ട് പര്യാടനത്തില്‍ ആതിഥേയരില്‍ നിന്നേറ്റ നാണം കെട്ട തോല്‍വികളുടെ പാപഭാരം നാട്ടിലെ ഏകദിന പരമ്പര ജയത്തോടെ ഇന്ത്യന്‍ യുവനിര കഴുകികളഞ്ഞു. ഇംഗ്ലണ്ടിനെതിരെ മൊഹാലായില്‍ നടന്ന മൂന്നാമത്തെ ഏകദിന മത്സരത്തില്‍  ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ആവേശോജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തപ്പോള്‍ നാല് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും നേരത്തെ ജയിച്ച ഇന്ത്യ ഇതോടെ 3-0ന് പരമ്പര സ്വന്തമാക്കി. പരമ്പര ജയത്തോടൊപ്പം ഐ.സി.സി.ഏകദിന റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി നാലാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി. തൊണ്ണൂറ്റിയൊന്ന് റണ്‍സ് നേടിയ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓപ്പണര്‍ അജിങ്ക്യ രഹാനയാണ് കളിയിലെ കേമന്‍. ആദ്യം പാര്‍ത്ഥിവ് പട്ടേലിനൊപ്പവും പിന്നീട് ഗംഭീറിനൊപ്പവും രഹാനെ പടുത്തുയര്‍ത്തിയ മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യമത്സരത്തിലെന്ന പോലെ നായകന്‍ ധോണിയുടെ ഫിനിഷിങ് മികവിലാണ് ഇന്ത്യ വിജയതീരമണിഞ്ഞത്. ബ്രസ്‌നനെറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ ബൗണ്ടറി പായിച്ച ക്യാപ്റ്റന്‍ കൈവിട്ട് പോകുമായിരുന്ന മത്സരം ഇന്ത്യന്‍ വരുതിയിലാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഓവറില്‍ പത്ത് റണ്‍സിനടുത്ത് വേണമായിരുന്ന ഇന്ത്യയെ ജഡേജയോടൊപ്പം ധോണി ജയത്തിലേക്കടുപ്പിക്കുകയായിരുന്നു.

പരമ്പരയിലെ തങ്ങളുടെ ഇതുവരെയുള്ള മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യക്കു, ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിഭിന്നമായി മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും(38) അജിങ്ക്യ രഹാനെയും ചേര്‍ന്ന് 79 റണ്‍സ് നേടി. പാര്‍ഥിവ് പട്ടേലിനെ പുറത്താക്കി ബ്രസ്‌നനാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ ഗംഭീറിനെ കൂട്ട് പിടിച്ച് രഹാനെ ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

എന്നാല്‍ 58 റണ്‍സുമായി ഗംഭീറും പിന്നാലെ സെഞ്ചുറിക്ക് ഒന്‍പത് റണ്‍സകലെ വെച്ച് രഹാനയും പുറത്തായതോടെ ഇന്ത്യ പതറി. പിന്നാലെയെത്തിയ റെയ്‌ന(0)യും കൊഹ്‌ലി(35)യും കൂടി പുറത്തായതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ പരാജയം സമ്മതിക്കാന്‍ വൈമനസ്യം കാണിച്ച ക്യാപ്റ്റന്‍ ധോണി ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ച് ഇന്ത്യയെ ജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും നാലാം റാങ്കിലേക്കും നയിക്കുകയായിരുന്നു. ധോണി 31 പന്തില്‍ നിന്നു പുറത്താകാതെ 35 റണ്‍സ് നേടിയപ്പോള്‍ ജഡേജ 24 പന്തില്‍ നിന്നു 26 റണ്‍സെടുത്തു.

നേരത്തെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുത്തു. കുക്ക് ഇത്തവണയും പരാജയമായമായപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജൊനാഥന്‍ ട്രോട്ടും കെവിന്‍ പീറ്റേഴ്‌സണും പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറിലേക്കുള്ള അടിത്തറ പാകിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 116 പന്തില്‍ 8 ബൗണ്ടറികളുടെ സഹായത്തോടെ 98 റണ്‍സെടുത്ത ട്രോട്ട് പുറത്താവാതെ നിന്നപ്പോള്‍ 64 റണ്‍സെടുത്ത് പീറ്റേഴ്‌സണെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി.

പീറ്റേഴ്‌സണ്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ബൊപ്പാര 24 റണ്‍സെടുത്ത് മടങ്ങി. ശേഷം ക്രീസിലെത്തിയ സമിത് പട്ടേല്‍ അവസാന പത്തോവറില്‍ പുറത്തെടുത്ത കൂറ്റനടികളാണ് ഇംഗ്ലണ്ട് സ്‌കോര്‍ മുന്നൂറിനടുത്തെത്തിച്ചത്. 43 പന്തില്‍ 7 ബൗണ്ടറികളുടെയും 2 കൂറ്റന്‍ സിക്‌സറുകളുടെയും സഹായത്തോടെ 70 റണ്‍സെടുത്ത് പട്ടേല്‍ പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനൊഴികെയുള്ളവരെല്ലാം അഞ്ച് റണ്‍സ് ശരാശരിക്ക്് മുകളില്‍ റണ്‍സ് വഴങ്ങി. പ്രവീണ്‍ കുമാറും വിനയ് കുമാറും ജഡേജയും കോഹ്‌ലിയും ഇംഗ്ലണ്ട് വിക്കറ്റുകള്‍ പങ്കിട്ടു. ഇരുവരും മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.