ന്യൂദല്‍ഹി: ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. യുഎന്‍ ആലോചനാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കിയത്.

ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച യുഎന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവനിര്‍വ്യാപനം സംബന്ധിച്ച് ഇന്ത്യയുടെ സ്ഥാനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അക്കാര്യത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമില്ല. ആണവനിര്‍വ്യാപന കരാറില്‍ അംഗമല്ലെങ്കിലും അതിന്റെ ലക്ഷ്യത്തോടും നയങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

അണ്വായുധങ്ങള്‍, മിസൈല്‍ സാങ്കേതികത എന്നിവയുടെ നിര്‍വ്യാപനം സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ അതു ബാധിക്കുമെന്നാണ് കരുതുന്നതെന്നും ഗില്‍ പറഞ്ഞു.


Dont Miss അദ്ദേഹം മനസുവെച്ചാല്‍ എന്റെ ജീവിതം തിരിച്ചുകിട്ടും; മോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി യുവതി


ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചു നില്‍ക്കും. ആഗോള തലത്തില്‍ ആണവനിര്‍വ്യാപനത്തിന് ഒപ്പം നില്‍ക്കുമെന്നും ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ആണവശക്തികളെന്ന നിലയില്‍, ആദ്യം അണ്വായുധ പ്രയോഗം നടത്തുന്നതില്‍ നിന്നും ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ആണവായുധ പ്രയോഗം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നതെന്നും ഗില്‍ പറഞ്ഞു.

ഇന്ത്യക്കു നേരെയുള്ള പാക്കിസ്ഥാന്റെ ആണവാക്രമണ ഭീഷണിയേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ‘ഇന്ത്യ അതിന്റെ നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആണവനിര്‍വ്യാപനവും നിരായുധീകരണവും നടപ്പാക്കുന്നതിലുള്ള യഥാര്‍ഥ പോരായ്മകള്‍ എന്താണെന്നു തിരിച്ചറിയാന്‍ അതുവഴി സാധിക്കണമെന്നും ഗില്‍ പറഞ്ഞു.

ഗൂഢ ലക്ഷ്യങ്ങളോടെ ആണവനിര്‍വ്യാപനത്തിനു വേണ്ടി ശ്രമിക്കുന്നവരും അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നവരെയും പറ്റി രാജ്യാന്തര സമൂഹം കരുതലോടെയിരിക്കണമെന്നും ഗില്‍ മുന്നറിയിപ്പ് ന്ല്‍കി.