ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള റിയാലിറ്റി ഷോകള്‍ പകല്‍ സമയത്തും പ്രൈം ടൈമിലും നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഇത്തരം റിയാലിറ്റി ഷോകള്‍ക്കെതിരെ നിരന്തരമായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ബിഗ് ബോസ്, രാഖി കാ ഇന്‍സാഫ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇനി രാത്രി പതിനൊന്നുമുതല്‍ അഞ്ച് മണിവരെ മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കൂ.

രാഖി കാ ഇന്‍സാഫ്, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകള്‍ക്കെതിരെയാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ബിഗ് ബോസിന്റെ അവതാരകന്‍.

ഉയര്‍ന്ന ടിവി റേറ്റിംങ് ആണ് കൂടുതല്‍ ചൂടന്‍  രംഗങ്ങളും ഡയലോഗുകളും ഉള്‍പ്പെടുത്താന്‍ ടിവി പ്രൊഡ്യൂസര്‍മാരെ നിര്‍‌ബന്ധിക്കുന്നതെന്നാണ് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നത്.  നിരോധനം ഉടന്‍തന്നെ നിലവില്‍ വരുമെന്ന് ഇന്‍ഫോമേര്‍ഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിംങ് ഡിപാര്‍ട്ട്മെന്‍റ് വൃത്തങ്ങള്‍ പറഞ്ഞു.