ന്യൂയോര്‍ക്ക്: തീവ്രാദത്തിനെതിരെ നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടുന്ന രാജ്യങ്ങള്‍ വേര്‍തിരിഞ്ഞ് നില്‍ക്കാതെ ഒത്തൊരുമിച്ച് വേണം അതിനെതിരെ പ്രവര്‍ത്തിക്കാനെന്ന് യു. എസിനോട് ഇന്ത്യ ആവശ്യപ്പെട്ടു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്‌ളിന്റനുമായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ നടത്തിയ 40മിനിറ്റ് നീണ്ട ഉഭയകക്ഷി ചര്‍ച്ചയിലാണ് തീവ്രവാദത്തോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ചര്‍ച്ച മികച്ചതും ക്രിയാത്മകവുമായിരുന്നെന്ന് ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ടര്‍മാരോട് എസ്. എം കൃഷ്ണ പ്രതികരിച്ചു. തീവ്രവാദം ചെറുക്കുന്നതിനെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ചെയ്തത്് . കാബൂളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണവും ദല്‍ഹിയിലെ സ്‌ഫോടനവും ചര്‍ച്ചയില്‍ വിഷയമായതായി കൃഷ്ണ വെളിപ്പെടുത്തി.

തീവ്രവാദത്തിനെതിരെ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ഇന്ത്യന്‍ നിലപാടിനോട് ഹിലരി യോജിച്ചതായും കൃഷ്ണ അറിയിച്ചു.