എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ല്ലാ ജനാധിപത്യമര്യാദകളേയും ചവിട്ടിമെതിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധിക്കാനും ജനാധിപത്യാവകാശങ്ങളെ പ്രതിരോധിക്കാനുമുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടും ഹസാരെയെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലടച്ച യു.പി.എ സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടികളില്‍ ഞങ്ങള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധത്തിനിറങ്ങിയ ഗാന്ധിയനായ ഹസാരെയെ അഴിമതിക്കാര്‍ക്കൊപ്പമാണ് തുറുങ്കിലടച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഈ കിരാത നടപടിയെ ന്യായീകരിക്കാനാവാതെ ഭരണകൂടം കുഴങ്ങുകയാണ്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ നാവ് പിഴുതു കളയുമെന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ ആശങ്കിക്കുന്നു.

ഹസാരെയെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. അതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അത് ഏതറ്റംവരെ പോകുമെന്നും പറയാനാവില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടും മര്യാദകേടും ഭയവുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. സൂചി കൊണ്ടെടുക്കാന്‍ കഴിയുന്ന ഒന്നിനെ കോടാലി കൊണ്ട് എടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അഴിമതിക്കെതിരെ ജനങ്ങള്‍ക്കുള്ള ആശങ്കയും പ്രതിഷേധവുമാണ് ഗാന്ധിയനായ ഹസാരെയിലൂടെ ഇപ്പോള്‍ പ്രകടമാവുന്നത്. അതിനായി ഹസാരെ കൈക്കൊണ്ടിരിക്കുന്ന സമരമാര്‍ഗം അക്രമാസക്തമല്ലെന്ന് മാത്രമല്ല ഇന്ത്യയുടെ ജനാധിപത്യരാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് നിരക്കുന്നതുമാണ്.

ഒരാള്‍ പട്ടിണി കിടന്നുകൊണ്ട് തന്റെ പ്രതിഷേധം അറിയിക്കുന്നതെങ്ങിനെ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാവുമെന്ന് ഞങ്ങള്‍ക്കെത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതെങ്ങിനെ രാജ്യദ്രോഹമാകുമെന്നും ഞങ്ങള്‍ക്കറിയില്ല. അഴിമതിക്കെതിരെ പല്ലും നഖവുമുള്ള നിയമം വേണമെന്നാണ് ഹസാരെ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ലോക്പാല്‍ നിയമം അതിന് പര്യാപ്തമല്ലെന്നും ഹസാരെ പറയുന്നു. അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് നില്‍ക്കുന്ന സര്‍ക്കാരിന് ഫലപ്രദമായി അത്തരമൊരു നിയമം കൊണ്ടുവരാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ ഉന്നത ന്യായപീഠവും പ്രധാനമന്ത്രിയും വരണമെന്നും ഹസാരെ വാദിക്കുന്നു.

കേന്ദ്രസ്ഥാനങ്ങളിലിരിക്കുന്ന ചിലരെയൊക്കെ ഒഴിവാക്കിക്കൊണ്ട് അഴിമതിക്കെതിരെ നടത്തുന്നുവെന്ന് പറയപ്പെടുന്ന എല്ലാ നിയമനിര്‍മ്മാണവും ജനങ്ങളെ കബളിപ്പിക്കാനുള്ള തറവേലയാണെന്ന് ആര്‍ക്കാണറിയാത്തത്. അതുവഴി അഴിമതിയുടെ കേന്ദ്രീകരണം ഉന്നതസ്ഥാനങ്ങളില്‍ നടക്കാനാണ് സാധ്യത. ഈ ഉന്നതകേന്ദ്രങ്ങളെ കേന്ദ്രബിന്ദുവാക്കി ഒരു അഴിമതി രാജ്യമാണ് ഉണ്ടാവാന്‍ പോകുന്നത്. ഉന്നതകേന്ദ്രങ്ങളുടെ ചിറകിനടിയില്‍ എല്ലാ അഴിമതിക്കാരും നിയമത്തില്‍നിന്ന് രക്ഷപ്പെടാനായി ഒളിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ അഴിമതിക്കാരെ ചുമന്നുകൊണ്ടാണ് മന്‍മോഹന്‍സിംഗ് ഭരണം നടത്തിയതെന്നോര്‍ക്കണം. ഇപ്പോഴും അഴഗിരി പോലുള്ള അഴിമതിക്കാര്‍ ക്യാബിനറ്റ് മന്ത്രിമാരായി വിലസുന്നുണ്ട്. പി.ചിദംബരവും ‘വേദാന്ത’യും തമ്മില്‍ സംശയകരമായ ബന്ധങ്ങളുമുണ്ട്. ഏഴ് വര്‍ഷത്തിന് മുമ്പുള്ള അഴിമതികള്‍ക്ക് മാപ്പ് കൊടുക്കുന്ന രീതിയും സംശയമുണ്ടാക്കുന്നുണ്ട്. അതുവഴി രക്ഷപ്പെടുന്നവര്‍ ആരായിരിക്കണം? പാര്‍ട്ടിയിലെ ഉന്നതസ്ഥാനീയര്‍ തന്നെയാവണം. ആ പഴുതുവഴി കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഒട്ടുമുക്കാല്‍ അഴിമതിക്കാരും സുരക്ഷിതരാവും. അതുകൊണ്ടുതന്നെ ഹസാരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്ന ഒരുപാട് മേഖലകള്‍ ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

ഇന്നത്തെ ജനാധിപത്യ സംവിധാനത്തിന്റെ പല പോരായ്മകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏറെയുണ്ട്. എങ്കില്‍പോലും ഇന്നത്തെ ജനാധിപത്യ സംവിധാനത്തെ തീര്‍ത്തും നിരാകരിക്കണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായവുമില്ല. ഹസാരെയുടെ ചില നിലപാടുകളില്‍ അത്തരം നിഷേധം ഉണ്ടോയെന്ന സംശയവും ഞങ്ങള്‍ക്കുണ്ട്. എങ്കിലും ഹസാരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് ഞങ്ങള്‍ സമ്പൂര്‍ണ്ണമായി യോജിക്കുന്നു. അരാഷ്ട്രീയമായി പരിഹരിക്കാന്‍കഴിയുന്ന ഒന്നല്ല അഴിമതി എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാര്‍ ആരും കൂടെ വേണ്ട എന്ന നിലപാടിനോട് ഞങ്ങള്‍ക്ക് യോജിക്കാനും കഴിയില്ല. അത്തരം ഒരു നിലപാടിലേക്ക് ഹസാരെയും ഹസാരെയെ പിന്തുണയ്ക്കുന്ന ജനലക്ഷ്യങ്ങളും എങ്ങിനെയെത്തിയെന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടത് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ നയിക്കുന്നവരുമാണ്.

അടിച്ചമര്‍ത്തല്‍കൊണ്ട് ഹസാരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ല. ജനങ്ങളെ നിശ്ശബ്ദരാക്കാനും കഴിയില്ല. ഹസാരെയുടെ പ്രസ്ഥാനം രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനുള്ളതാണെന്നും ഞങ്ങള്‍ കരുതുന്നില്ല. അങ്ങിനെ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെങ്കില്‍ അതിന് കാരണക്കാര്‍ ഭരിക്കുന്നവര്‍ തന്നെയായിരിക്കും. അവര്‍ ജനകീയ സമരങ്ങളെ മുഷ്‌ക് കൊണ്ട് നേരിടുന്നതിന്റെ തിരിച്ചടിയായിരിക്കും.

ജനങ്ങളെ ഭയപ്പെടുത്തുന്നതും ജനങ്ങളെ ഭയപ്പെടുത്തുന്നതുമായ ഒരു ഭരണത്തിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അവര്‍ അധികാരത്തില്‍ തുടരാതിരിക്കുന്നത് ജനങ്ങളുടെ അവകാശവുമാണ്. സമരം ചെയ്യുന്നവരെ തുറങ്കിലടയ്ക്കാനുള്ള നീക്കം ജനാധിപത്യത്തെ തകര്‍ക്കുകയും ഫാഷിസത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു.

പാമൊയില്‍ പിന്നെയും വഴുക്കുന്നു

മോഹന്‍ലാല്‍- മമ്മൂട്ടി, സിനിമയും വേറെ പലതും

മുന്നാറില്‍ എന്ത് സംഭവിക്കുന്നു? നമ്മുടെ ഭൂമിയ്‌ക്കെന്ത് പറ്റുന്നു?

‘വിശുദ്ധ’സഭയും മാധ്യമങ്ങളുടെ മൗനവും