എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന് പെട്രോള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 31st May 2012 10:18am

ന്യൂദല്‍ഹി: പാക്കിസ്ഥാന് പെട്രോള്‍ നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മാധ്യമത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നത്. ഇതിനായി വാഗാ അതിര്‍ത്തി വരെ ഇന്ത്യ പൈപ്പ് ലൈന്‍ നിര്‍മ്മിക്കുമെന്നും അറിയുന്നു. ഇതുവഴി പ്രതിവര്‍ഷം 500 ലക്ഷം ടണ്‍ പെട്രോളിയം ഉത്പ്പന്നമാണ്‌ പാക്കിസ്ഥാന് നല്‍കുക.

പെട്രോളിയം മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം ഡയറക്ടര്‍ പി. കല്യാണസുന്ദരത്തിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഷബീര്‍ അഹമ്മദും സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രി അസിം ഹുസൈനുമായും സംഘം ചര്‍ച്ച നടത്തി. ദീര്‍ഘകാലത്തേക്ക് വലിയ തോതില്‍ ഇന്ധനം വാങ്ങാമെന്ന് ഉറപ്പുനല്‍കിയാല്‍ വാഗാ അതിര്‍ത്തി വരെ പൈപ്പ് ലൈന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് സംഘം മന്ത്രിയെ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് ഫര്‍ണ്ണസ് ഓയിലും ഡീസലും ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന് താല്‍പര്യമുണ്ടെന്ന് അസിം ഹുസൈനും സംഘത്തെ അറിയിച്ചതായി പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ എക്‌സ്പ്രസ്സ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാന്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുമായുള്ള പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ചെലവില്‍ ഇറക്കുമതി നടത്താന്‍ സാധിക്കുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. ഗതാഗത ചെലവ് കുറയുമെന്നതിനാല്‍ മുപ്പത് ശതമാനത്തോളം വിലക്കുറവില്‍ ഇന്ധനം ലഭിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 500 ലക്ഷം ടണ്‍ എണ്ണ മിച്ചം വരാറുണ്ടെന്നും ഇത് പാക്കിസ്ഥാന് നല്‍കുന്നതിലൂടെ പാക്കിസ്ഥാനില്‍ മിച്ചം വരുന്ന നാഫ്ത ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് നാഫ്ത.

ഇന്ത്യയില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനുള്ള ധാരണാ പത്രം ഇരുരാജ്യങ്ങളും ഉടന്‍ ഒപ്പുവെക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചയ്തിരിക്കുന്നു. പേരു വെളിപ്പെടുത്താത്ത പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് പത്ര റിപ്പോര്‍ട്ട്.

Advertisement