ജയന്‍ പുടയൂര്‍ / Defence Desk

ന്യൂദല്‍ഹി: ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സൈബര്‍ ആക്രമണം തടയാന്‍ ഇന്ത്യ സൈബര്‍ പട്ടാളത്തെ രൂപീകരിക്കുന്നു. ജൂലൈ 29ന് സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

റോ ഉള്‍പ്പടെയുള്ള കേന്ദ്ര   രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലവന്മാര്‍, സുരക്ഷാ സേനകളിലെ പ്രതിനിധികള്‍, ഐ ടി, ടെലികോം മന്ത്രാലയങ്ങളിലെ  പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.  പ്രതിരോധ സേനയുടെ രഹസ്യാന്വേഷണ വിഭാഗം,  നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസെഷന്‍ എന്നിവക്കാണ് പുതിയ സൈബര്‍ വിഭാഗത്തെ വികസിപ്പിക്കേണ്ട ചുമതല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍  സൈബര്‍ പട്ടാളത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങും.

കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് ഇന്ത്യന്‍ പ്രതിരോധ ശൃംഘലയെ ഞെടിച്ചു കൊണ്ടാണ് ചൈനീസ് ഹാക്കര്‍മാര്‍  കമ്പ്യൂട്ടര്‍ ശൃംഘലയില്‍ നുഴഞ്ഞു കയറി യത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.  ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെതടക്കമുള്ള വിവരങ്ങളാണ് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ടൊറന്‍റോ സര്‍വകലാശാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍-അമേരിക്കന്‍ സൈബര്‍ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ വ്യക്തമായത്.

ഇന്ത്യ ഈയിടെ വികസിപ്പിച്ചെടുത്ത ‘ശക്തി’ എന്ന കരസേനയുടെ ആധുനിക പ്രതിരോധ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും പുതിയ മൊബൈല്‍ മിസൈല്‍ പ്രതിരോധസംവിധാനമായ ‘അയേണ്‍ ഡോമിനെ’ക്കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.

‘ഷാഡോസ് ഓഫ് ദ ക്ലൗഡ്’ എന്ന് പേരിട്ടിരിക്കുന്ന നുഴഞ്ഞുകയറ്റത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചത് ട്വിട്ടര്‍, യാഹൂ, ഗൂഗിള്‍, എന്നീ ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളാണ് എന്നും തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പ്രതിരോധ മന്ത്രാലയത്തിന്‍റെയും അറുനൂറോളം കമ്പ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതിനു പുറമേ ടിബറ്റ്, ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളിലെ സുരക്ഷാകാര്യങ്ങളും മാവോവാദികളുടെ സായുധകലാപത്തെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലും അമേരിക്കയിലെ ഇന്ത്യ, പാകിസ്താന്‍ എംബസികളിലും വിസയ്ക്കുവേണ്ടി സമര്‍പ്പിച്ച വിവരങ്ങളും പടിഞ്ഞാറന്‍ ആഫ്രിക്ക, റഷ്യ, മുന്‍ സോവിയറ്റ് യൂണിയന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച നിര്‍ണായക രഹസ്യങ്ങളും അന്ന് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തയിരുന്നു.

ഇത്തരമൊരു സൈബര്‍ ആക്രമണം ഭാവിയില്‍ ഉണ്ടാകുന്നത് ചെറുക്കാനും വേണ്ടി വന്നാല്‍ തിരിച്ചടിക്കാനുമായി  ഇന്ത്യ ഒരു സൈബര്‍ പട്ടാളത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തവും സമഗ്രവുമാക്കുന്നതിന് പദ്ധതികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഐ ഐ ടികളില്‍ സൈബര്‍ സുരക്ഷ പാഠ്യവിഷയമാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.