ന്യൂദല്‍ഹി: രാജ്യത്ത് ആണവ പദ്ധതികള്‍ക്കെതിരെ ജനകീയ സമരം ശക്തമാകുന്നു. ജപ്പാനിലും ഫ്രാന്‍സിലും ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അണു നിലയങ്ങള്‍ക്കെതിരെ പരമാവധി പൊരുതാന്‍ എല്ലായിടത്തും ഗ്രാമീണര്‍ മുന്നിട്ടിറങ്ങുന്നത്. കൂടംകുളം സമരത്തിന് മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് കിട്ടിയ ഉറപ്പ് മറ്റു സമരക്കാരെ ആവേശത്തിലാക്കുന്നുണ്ട്. രാജ്യത്തെ നിര്‍ദിഷ്ട ആണവ നിലയങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നിടത്തെല്ലാം സമാനമായ സമരങ്ങള്‍ ശക്തമാകുകയാണ്.

ഹരിയാനയിലെ ഫത്തേഹാബാദ്, ഗുജ്‌റാത്തിലെ മിത്തി വിര്‍ദ്ധി, മധ്യപ്രദേശിലെ ചുട്ക, മഹാരാഷ്ട്രയിലെ ജയ്താപൂര്‍, ആന്ധ്രാപ്രദേശിലെ കൊവാദ, ബംഗാളിലെ ഹരിപൂര്‍ എന്നിവിടങ്ങളിലാണ് പുതിയ ആണവ നിലയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യാ അമേരിക്കാ ആണവ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ വിലക്ക് നീങ്ങിയതാണ് പദ്ധതികള്‍ക്ക് എല്ലായിടത്തും ഊര്‍ജ്ജം കൈവന്നത്.

എന്നാല്‍ സ്ഥലമേറ്റെടുക്കലിനെതിരെ മുഴുവന്‍ പ്രദേശങ്ങളിലും ജനങ്ങള്‍ സമരമുഖത്താണ്. വിവിധ തരത്തിലുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ സമിതികളുടെ തീരുമാനം. ഹരിയാനയിലെ ഫത്തേഹാബാദില്‍ ഭൂമി വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ നവംബര്‍ ഒന്നിന് ആണവ ശാസ്ത്രഞ്ജരടക്കമുള്ളവരെ ചേര്‍ത്ത് സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കാതെ സംഘര്‍ഷ് സമിതി ധര്‍ണ്ണ നടത്തി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ഇടപെട്ട ശേഷമാണ് സംസ്‌കാരം നടത്താന്‍ സമിതി തയ്യാറായത്.

നരേന്ദ്ര മോഡി ഭരണത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഇത്രയും ശക്തമായ സമരത്തിന് ഗുജറാത്ത് സാക്ഷിയാകുന്നത്.
ഗുജറാത്തിലെ മിത്തിവിര്‍ദ്ധി പദ്ധതിക്ക് എതിരായ സമരവും ശക്തമാകുകയാണ്. ജസ്പാര, കദാര്‍പാര്‍, മാണ്ഡവ, മിത്തിവിര്‍ദ്ധി എന്നിവിടങ്ങളില്‍ 877 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനെ കര്‍ഷകര്‍ പ്രതിരോധിക്കുകയാണ്. സമരം ഇതിനകം പലവട്ടം സംഘര്‍ഷത്തിലെത്തി.

മധ്യപ്രദേശിലെ മൂന്ന് ഗ്രാമങ്ങളിലെ ഗ്രാമസഭകള്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ക്കെതിരെ സമരം നടത്താന്‍ തീരുമാനിച്ചു. ചുട്കാ പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്നും ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ മരണം വരെ സമരം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ജയ്താപൂരില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണര്‍ ആണവ പദ്ധതി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഉപരോധിക്കുകയാണ്. അണുനിലയം അനുവദിക്കില്ലെന്ന നിലപാടിലാണിവിടെ കര്‍ഷകരും മീന്‍പിടുത്തക്കാരും. പശ്ചിമ ബംഗാളിലെ ഹരിപൂരില്‍ മമതാ ബാനര്‍ജി പക്ഷേ ഉറച്ച നിലപാട് കൈകൊണ്ടു. ഗ്രാമീണരുടെ എതിര്‍പ്പ് പരിഗണിച്ച് പദ്ധതി നടപ്പാക്കാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. പദ്ധതിക്കനുയോജ്യമായ പകരം സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.