എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിലേക്ക്
എഡിറ്റര്‍
Thursday 17th January 2013 12:40am

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന വെടിവെപ്പ് അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. നിയന്ത്രണരേഖയില്‍ നടത്തുന്ന അതിക്രമങ്ങളില്‍ നിന്ന് പിന്‍മാറാനും വെടിനിര്‍ത്തല്‍കരാര്‍ പാലിക്കാനും തങ്ങളുടെ പട്ടാളക്കാരോട് പാകിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Ads By Google

ഇന്ത്യയിലെയും പാകിസ്ഥാനിലെയും സേനാനടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍ജനറല്‍മാര്‍ (ഡി.ജി.എം.ഒ.) ഇന്നലെ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ നടപടി.

രാവിലെ നടന്ന ടെലിഫോണ്‍ ചര്‍ച്ച പത്തുമിനിറ്റ് നീണ്ടു. ഈ ചര്‍ച്ചയ്ക്കുമുമ്പ് കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികര്‍ ചൊവ്വാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ തങ്ങളുടെ സൈനികന്‍ മരിച്ചതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ആരോപണം ഇന്ത്യ തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

നിയന്ത്രണ രേഖയിലെ സംഘര്‍ഷം രൂക്ഷമാകാന്‍ അനുവദിക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തി. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നതില്‍ ഇന്ത്യ പാകിസ്താനെ കടുത്ത അതൃപ്തി അറിയിച്ചു. രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ച് മൃതദേഹം വികൃതമാക്കിയതിലുള്ള പ്രതിഷേധവും അറിയിച്ചു.

പാക് സേനയ്ക്ക് ആള്‍നാശമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയിലായിരിക്കുമെന്നാണ് കരസേനാ മേധാവി ജനറല്‍ വിക്രംസിങ് പ്രതികരിച്ചത്. നിയന്ത്രണരേഖയിലെ പൂഞ്ച് സെക്ടറില്‍ ചൊവ്വാഴ്ച രാത്രി തങ്ങളുടെ രണ്ടു പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിവെച്ചെങ്കിലും തിരിച്ചടിച്ചില്ലെന്ന് സൈനിക വക്താവ് കേണല്‍ ആര്‍.കെ. പള്‍ട്ട പറഞ്ഞു.

ജനവരി എട്ടിന് രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ അതിക്രൂരമായി വധിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണരേഖയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിന് അറുതിവരുത്താന്‍ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ഫ്‌ലാഗ് മീറ്റിങ് നടത്തി. എന്നാല്‍, അതിനുശേഷവും അഞ്ചുതവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് ഡി.ജി.എം.ഒ.മാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയത്.

ഇന്ത്യന്‍ സേന പ്രകോപനം കൂടാതെ വെടിവെക്കുകയോ നിയന്ത്രണരേഖ മുറിച്ചുകടക്കുകയോ ചെയ്തിട്ടില്ലെന്നു ജനറല്‍ ബിക്രംസിങ് പറഞ്ഞു. ജനവരി എട്ടിന് നിയന്ത്രണരേഖയില്‍ പാക് സൈനികര്‍ തലയറുത്തുകൊന്ന ലാന്‍സ് നായിക്ക് ഹേംരാജിന്റെ ഉത്തര്‍പ്രദേശിലെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement