ഇസ്‌ലാമാബാദ്: ഐ പി എല്‍ ലേലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയതിന് പിന്നില്‍ കായിക ലോകത്തിന് പുറത്തുള്ള ഇടപെടലുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപണം. ലേലത്തില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയതിന് പി്ന്നില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടില്ലെന്നും വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നാലെയാണ് പാക് വിദേശ മന്ത്രാലയത്തിന്റെ ആരോപണം.

പാക് താരങ്ങളെ ഒഴിവാക്കിയതിന് പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ടെന്നാണ് ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിന്ന് മനസ്സിലാവുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് കുറ്റപ്പെടുത്തി. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. സമാധാന പരമായ മാര്‍ഗ്ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇന്ത്യ താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ കാര്യമറിയാതെയാണ് പ്രതികരിക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പരിപാടികളെയും സ്വകാര്യ പരിപാടികളെയും വേര്‍തിരിച്ച് കാണേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലേക്കുളള പാക് പാര്‍ലമെന്ററി സമിതിയുടെ യാത്ര റദ്ദാക്കിയിരുന്നു. പുതിയ സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നതിന് കാരണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.