ന്യൂഡല്‍ഹി:തീവ്രവാദ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ ‘ഹോട്ട്‌ലൈന്‍’ സംവിധാനം ഏര്‍പ്പെടുത്താന്‍ ധാരണയായി. ഇന്ത്യ-പാക്ക് ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയിലാണ് തീരുമാനമായത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ച നടക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനുവേണ്ടിയാണ് നടപടി. അശോക ഹോട്ടലില്‍ നടന്ന ചര്‍ച്ചയ്ക്ക് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയും പാക്ക് ആഭ്യന്തര സെക്രട്ടറി ചൗധരി ഖമര്‍ സമാനും നേതൃത്വം നല്‍കി.

പാക്കിസ്ഥാനിലെ ഭീകര ക്യാംപുകള്‍ അടച്ചു പൂട്ടണമെന്നാണ് ചര്‍ച്ചയില്‍ ഇന്ത്യ മുഖ്യമായും ആവശ്യപ്പെട്ടത്. 68 പേര്‍ കൊല്ലപ്പെട്ട സംതോധാ എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ അന്വേഷണ പുരോഗതിയായിരുന്നു പാക്കിസ്ഥാന്റെ പ്രധാന ആവശ്യം.
തീവ്രവാദ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. സംജോത സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പാക്കിസ്ഥാന് കൈമാറും. മുംബൈ ഭീകരാക്രമണ കേസ് അന്വേഷണത്തില്‍ ഇന്ത്യയില്‍നിന്നുള്ള കമ്മീഷനെ പാക്കിസ്ഥാനിലെത്തി തെളിവെടുക്കുന്നതിലും ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍, സന്ദര്‍ശന തീയതിയില്‍ തീരുമാനമായിട്ടില്ല.

മുംബൈ ഭീകരാക്രമണ കേസ്സിലെ വിചാരണ നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ പാക്കിസ്ഥാനില്‍നിന്നുള്ള ജുഡീഷ്യല്‍ കമ്മീഷന് ഇന്ത്യ സന്ദര്‍ശിക്കാനും തത്വത്തില്‍ ധാരണയായി. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷവും ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്ന മുഴുവന്‍പേരെയും മോചിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ചര്‍ച്ച നടത്തുന്ന ഇന്ത്യന്‍ സംഘത്തില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സെക്രട്ടറി യു.കെ. ബന്‍സാല്‍, എന്‍.ഐ.ഐ മേധാവി എസ്.സി. സിന്‍ഹ എന്നിവരുമുണ്ട്. പാക്ക് സംഘത്തില്‍ ആഭ്യന്തര സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിലെ സ്ഥാനപതി ഷാഹിദ് മാലിക്കും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.