Categories

ഇന്ത്യ-പാക്ക് ആഭ്യന്തര സെക്രട്ടറിമാരുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂദല്‍ഹി: ഇന്ത്യ-പാക് ആഭ്യന്തര സെക്രട്ടറിമാരുടെ ദ്വിദിന കൂടിക്കാഴ്ച ഇന്ന് ദല്‍ഹിയില്‍ ആരംഭിക്കും. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുക എന്ന കാര്യത്തിലാണ് ചര്‍ച്ചയില്‍ മുന്‍തൂക്കം നല്‍കുക.

ചര്‍ച്ചയ്ക്കായി പാക്കിസ്ഥാന്‍ അഭ്യന്തര സെക്രട്ടറി ചൗധരി ക്വാമര്‍ സമാന്‍ ഞായറാഴ്ച ഇന്ത്യയിലെത്തിരുന്നു. ആറംഗ ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമാന്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ പാക്കിസ്ഥാന്റെ സഹകരണം ഉറപ്പുവരുത്തുക എന്ന കാര്യത്തിനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ആക്രമണത്തിന് പരിശീലനം നല്‍കിയ പാക്കിസ്ഥാനികളുടെ ശബ്ദ സാമ്പിളുകള്‍ ഇന്ത്യ ആവശ്യപ്പെടും. കഴിഞ്ഞവര്‍ഷം ജമ്മുവിലും കശ്മീരിലുമുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി പാക്കിസ്ഥാനുള്ള ബന്ധവും ചര്‍ച്ചയില്‍ ഉന്നയിക്കും. അതോടൊപ്പം കള്ളനോട്ട്, തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ പ്രധാനചര്‍ച്ചാ വിഷയമാകും.

ഇന്ത്യയിലെ വിസ നയങ്ങളില്‍ ചില വിട്ടുവീഴ്ചയ്ക്ക് ആവശ്യപ്പെടുമെന്ന് സമാന്‍ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാക്കാനുള്ള പദ്ധതികള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കും. രാജ്യങ്ങള്‍ തമ്മിലുള്ള വിസ പ്രശ്‌നങ്ങള്‍ തങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ച മുംബൈ ആക്രമണത്തിനുശേഷം നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിനുശേഷം കഴിഞ്ഞ വര്‍ഷം ഭൂട്ടാനിലെ തിമ്പുവില്‍ മന്‍മോഹനും ഗീലാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സമാധാന ചര്‍ച്ച പുനഃരാരംഭിക്കാമെന്ന് ധാരണയായത്. കഴിഞ്ഞ മാസം തിമ്പുവില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്ന് സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതായി പ്രഖ്യാപനമുണ്ടായി. ഇതിന്റെ ഭാഗമായാണ് ഇന്ത്യ സമാനും ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.