ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിനേരിടുന്ന സ്ഥലങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയും ശിശുമരണവും ബലാല്‍സംഗവുമെല്ലാമാണ് ഇന്ത്യയെ നാലാമതെത്തിക്കുന്നത്. ഏറ്റവും ഭീഷണി നേരിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. കോംഗോ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവയാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട സര്‍വേയിലെ മുന്‍നിര പട്ടികയിലുള്ള രാജ്യങ്ങള്‍.

സ്ത്രീകള്‍ക്ക് നിയമപരമായി പിന്തുണനല്‍കുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 213 വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. മുന്നിട്ടുനില്‍ക്കുന്ന മൂന്നുരാജ്യങ്ങളും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളാണ്.

ആറു കാറ്റഗറികളായിട്ടാണ് ഈ സര്‍വേ നടത്തിയത്. ആരോഗ്യഭീഷണി,പാരമ്പര്യമായും മതപരമായും നേരിടുന്ന പ്രശ്‌നങ്ങള്‍, സാംസ്‌കാരികമായുള്ള പ്രശ്‌നങ്ങള്‍, സെക്ഷ്വല്‍, നോണ്‍സെക്ഷ്വല്‍ പ്രശ്‌നങ്ങള്‍, ബലാല്‍സംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യ, ശിശുമരണനിരക്ക്, തുടങ്ങിയവയാണ് നാലാംസ്ഥാനത്തെത്തിച്ചത്.

ഈ സര്‍വേ പ്രകാരം ഏറ്റവും ചുരുങ്ങിയത് 100 പേരെങ്കിലും പെണ്‍വാണിഭവുമായി ബന്ധപ്പെട്ടവരാണെന്ന് ആഭ്യന്തരസെക്രട്ടറിയായ മധുകാര്‍ ഗുപ്ത പറഞ്ഞു. നിര്‍ബന്ധിച്ചുള്ള വിവാഹവും തൊഴിലുമാണ് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പടുന്ന മേഖലകള്‍.

യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് പ്രകാരം ഏകദേശം 50 മില്ല്യണോളം പെണ്‍കുട്ടികള്‍ കാണാതാകുന്നുണ്ട്. കാണാതാകുന്ന പെണ്‍കുട്ടികളില്‍ 90 ശതമാനംപേരും വേശ്യാവൃത്തിയ്ക്കായി ഉപയോഗിക്കപ്പെടുന്നവരാണ്.