ന്യൂഡല്‍ഹി: 120 കോടി ജനങ്ങളുള്ള ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളൂടെ എണ്ണം 85 കോടി കവിഞ്ഞു. ട്രായ് (ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കനുസരിച്ച് 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ് രാജ്യത്തുള്ളത്. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ് മൊബൈല്‍ ഫോണ്‍ വരിക്കാരായത്.

നഗരപ്രദേശത്തെ ടെലഫോണ്‍ വരിക്കാരുടെ എണ്ണം 66.02 ശതമാനത്തില്‍ നിന്ന് 66 ശതമാനമായി കുറഞ്ഞപ്പോള്‍ ഗ്രാമപ്രദേശത്തിത് 33.98 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി വര്‍ധിച്ചു.രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നു. 1.29 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2.12 മില്ല്യണ്‍ പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സര്‍വീസ് പ്രൊവൈഡര്‍. റിലയന്‍സ് കമ്യൂണിക്കേഷനും, വേഡോഫോണുമാണ് 2.1 മില്ല്യണ്‍ പുതിയ ഉപഭോക്തക്കളുമായ് എയര്‍ടെല്ലിന് പിന്നാലെ കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.