ഹൈദരാബാദ്: തുടര്‍ച്ചയായ രണ്ടാംടെസ്റ്റ് സെഞ്ച്വറിയോടെ പഞ്ചാബ് രാജകുമാരന്‍ ഹര്‍ഭജന്‍ സിംഗ് തിളങ്ങിയ ഹൈദരബാദ് ടെസ്റ്റില്‍ ബ്രന്‍ഡന്‍ മക്കുല്ലത്തിലൂടെ കിവീസ് തിരിച്ചടിക്കുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡ് കളിനിര്‍ത്തുമ്പോള്‍ നാലുവിക്കറ്റിന് 237 റണ്‍സെടുത്തു. 124 റണ്‍സോടെ മക്കുല്ലവും 12 റണ്‍സോടെ വില്യംസണുമാണ് ക്രീസില്‍.

ഒമ്പതിന് 436 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഹര്‍ഭജന്റേയും (111*) ശ്രീശാന്തിന്റേയും (24) ബാറ്റിംഗ് കരുത്തില്‍ 472 റണ്‍സിന് പുറത്തായി. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രീയും ഭാജിയും ചേര്‍ന്ന് നേടിയത് 105 റണ്‍സാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കിവികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യവിക്കറ്റില്‍ മക്കുല്ലവും മക്കന്റോഷും ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മക്കന്റോഷിനേയും(49), ഗുപ്റ്റിലിനേയും (18) ഓജ വീഴ്ത്തിയപ്പോള്‍ റോസ് ടെയ്‌ലറുടെ വിക്കറ്റ് ശ്രീശാന്ത് വീഴ്ത്തി. ജെസി റെയ്ഡറുടെ വിക്കറ്റാണ് അവാസാനം വീണത്. റെയ്‌നയുടെ പന്തില്‍ ക്യാപറ്റന്‍ ധോണിക്ക് ക്യാച്ച് സമ്മാനിച്ചാണ് റെയ്ഡര്‍ പുറത്തായത്.