ചെന്നൈ:കൃത്യതയാര്‍ന്ന ഇന്ത്യന്‍ ബൗളിംഗിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി ന്യൂസിലാന്‍ഡ് തകര്‍ന്നപ്പോള്‍ ഏകദിന പരമ്പര 5-0ന് ഇന്ത്യ തൂത്തുവാരി. അവസാന ഏകദിനത്തില്‍ എട്ടുവിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. യുവരാജ് സിംഗ് കളിയിലെ താരമായും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗൗതംഗംഭീറിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു.

ആശ്വാസജയം തേടിയിറങ്ങിയ ന്യൂസിലാന്റിന് 27ഓവറില്‍ വെറും 103റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 21.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

മുന്‍നിരതാരങ്ങളില്ലാതെയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് വിശ്രമം അനുവദിച്ചതിനാല്‍ എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരൊന്നും കിവീസിനെതിരെ ഏകദിനത്തില്‍ കളിച്ചിരുന്നില്ല.

ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ക്ക് പരമ്പരവിജയം ഏറെ സഹായിക്കും. ക്യാപ്റ്റനെന്ന നിലയ്ക്ക് ഗൗതംഗംഭീറിന്റെ തൊപ്പിയിലെ പൊന്‍തൂവലായിരിക്കുമെന്ന് ഉറപ്പാണ്.യുവതാരങ്ങളടങ്ങിയ ടീമിനെ നയിച്ച് പരമ്പര നേടാന്‍ ഗംഭീറിന്റെ നേതൃത്വത്തിനായി.