ന്യൂദല്‍ഹി: 26/11 മുംബൈ ഭീകരാക്രമണകേസുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ നിന്നുള്ള സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ദൃക്‌സാക്ഷികളായവരെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും സന്ദര്‍ശിക്കുവാനാണ് സംഘത്തെ അനുവദിക്കുകയെന്നും സൂചനയുണ്ട്.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഏഴുപേരുടെ വിചാരണ പാക്കിസ്താനില്‍ നടക്കുകയാണ്. വിചാരണയുടെ ഭാഗമായാണ് ഇന്ത്യയിലുള്ള സാക്ഷികളെയും ഉദ്യോഗസ്ഥരെയും സന്ദര്‍ശിക്കുക. എന്നാല്‍ ഇതിന് ഹൈക്കോടതിയുടെ അനുമതി വേണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പാക്കിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.