ന്യൂദല്‍ഹി: പാക്ക് ചാര സംഘടനയായ ഐ.എസ്.ഐയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 26/11 ഭീകരാക്രമണത്തിനിരയായ റാബി ഗാവ്രിയല്‍ നോ ഹോള്‍ട്ട്‌സ്ബര്‍ഗിന്റെ കുടുംബം ന്യൂയോര്‍ക്ക് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ത്യയും കക്ഷിചേരുമെന്ന് റിപ്പോര്‍ട്ട്.

ഹരജിയ്ക്ക് ബലം പകരനായി ഐ.എസ്.ഐയ്ക്ക് ലഷ്‌കര്‍ ഇ-തൊയ്ബ, താലിബാന്‍ പോലുള്ള ഭീകരസംഘടകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ ഹാജരാക്കും. റാബിയുടെ കുടുംബത്തിന് നീതിലഭിക്കാന്‍ സഹായിക്കുക, ഐ.എസ്.ഐയ്ക്ക് ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് ന്യൂയോര്‍ക്ക് കോടതിയെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐയ്ക്ക് പങ്കുള്ളതായി ന്യൂയോര്‍ക്ക് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഐ.എസ്.ഐ തീവ്രവാദ സംഘടനയാണെന്ന് യു.എസും യു.എന്നും പ്രഖ്യാപിക്കുന്നതിലേക്കാവും അത് നയിക്കുക.

മുംബൈ ആക്രമണത്തില്‍ ഐ.എസ്.ഐ ചീഫ് ഷൂജ പാഷയ്ക്കും, ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും പങ്കുണ്ടെന്ന് പറഞ്ഞാണ് റാബിയുടെ കുടുംബാംഗങ്ങള്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി താന്‍ ബന്ധപ്പെട്ടിരുന്നെന്നും അവരില്‍ നിന്നും ചാരവൃത്തിയ്ക്ക് പരിശീലനം നേടിയിരുന്നുമെന്നുമുള്ള ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ഹരജിയ്ക്ക് ബലം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ ആക്രമണസമയത്ത് ചബാദ് ഹൗസില്‍ വച്ച് കൊല്ലപ്പെട്ടവരാണ് റാബി ഹോള്‍ട്ട്‌സ്ബര്‍ഗും അദ്ദേഹത്തിന്റെ ഭാര്യ റിവ്കയും.