കാര്‍ഡിഫ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരുമത്സരം പോലും വിജയിക്കാനാകാതെ ഇന്ത്യ മടങ്ങി. വിരാട് കൊഹ്‌ലിയുടെ ആറാം സെഞ്ചുറിയുടെയും അവസാന ഏകദിന മത്സരത്തിനിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റ അര്‍ദ്ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതരെ അവസാന ഏകദിനത്തില്‍ നേടിയ കൂറ്റന്‍ സ്‌കോറും ഇന്ത്യക്ക് തുണയായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയില്‍ ഇന്ത്യ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. മഴ മൂലം 34 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പട 10 പന്ത് ബാക്കി നില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ 5 കളികളുടെ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി 93 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് കൊഹ്‌ലി 107 റണ്‍സെടുത്തത്. അവസാന ഏകദിന മത്സരം കളിക്കുന്നദ്രാവിഡ് 79 പന്തില്‍ നാല് ഫോറുകളുടെ സഹായത്തോടെ 69 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂടി അടിച്ചെടുത്ത 170 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

അവസാന പന്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ധോണി(26 പന്തില്‍ 50 നോട്ടൗട്ട്) യുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. കോഹ്‌ലിയെയും ദ്രാവിഡിനെയും കൂടാതെ രഹാനെ 26, പാര്‍ഥിവ് പട്ടേല്‍ 19, റെയ്‌ന 15, ജഡേജ 0 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ഗ്രയിം സ്വാന്‍ മൂന്നും ഡെന്‍ബാച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് 50, ജോനാഥന്‍ ട്രോട്ട് 63 എന്നിവരുടെ അര്‍ധശതകങ്ങളും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച പുതുമുഖ താരം ബെയര്‍സ്‌റ്റോ 21 പന്തില്‍ നിന്ന് പുറത്താവാതെ നേടിയ 41ഉം രവി ബൊപാര പുറത്താവാതെ അടിച്ചു കൂട്ടിയ 37 റണ്‌സുമാണ് ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചത്.

പരമ്പരയില്‍ ഒരു ജയം പോലും നേടാനാകാത്ത ഇന്ത്യന്‍ ടീം ഐസിസിയുടെ ഏകദിന റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 130 റേറ്റിംഗുള്ള ആസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്ക രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.