എഡിറ്റര്‍
എഡിറ്റര്‍
ജയം എറിഞ്ഞുടച്ച് ഇന്ത്യ
എഡിറ്റര്‍
Sunday 19th January 2014 3:47pm

virat-kohli-newzealand

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 24 റണ്‍സിന്റെ തോല്‌വി ഏറ്റുവാങ്ങി.

വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ലക്ഷ്യത്തിലേക്കു കുതിച്ച ഇന്ത്യ അവസാനനിമിഷം ജയം കളഞ്ഞുകുളിക്കുകയായിരുന്നു. വിജയലക്ഷ്യമായ 293 പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 48.4 ഓവറില്‍ 268 റണ്‍സേ എടുക്കാനായുള്ളൂ.

ആവശ്യസമയത്ത് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കോഹ്‌ലിക്കു പുറമെ മെച്ചപ്പെട്ട സ്‌കോറെടുത്തത് ക്യാപ്റ്റന്‍ ധോണിയാണ് (40 റണ്‍സ്).

നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മക്ലെനാഗനാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്.  111 പന്തില്‍ 11 ഫോറുകളുടേയും രണ്ടു സിക്‌സറുകളുടേയും പിന്‍ബലത്തിലായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ധോണി കോഹ്‌ലിക്ക് മികച്ച പിന്തുണ നല്കി.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 15 റണ്‍സെത്തയപ്പോഴേക്കും ആദ്യവിക്കറ്റ് നഷ്ടമായി. മൂന്നു റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. തുടര്‍ന്ന് 32 റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാനും ഏഴു റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 84 എന്ന നിലയില്‍ പരുങ്ങി.

ഒരോ വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ മെച്ചപ്പെട്ട നിലയിലേക്ക് മടക്കിക്കൊണ്ടുവന്നത്. കോഹ്‌ലിക്കൊപ്പം ധോണി കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലായി.

എന്നാല്‍ ഇന്ത്യ വിജയപടിക്കല്‍ എത്തുമെന്നു കണ്ടപ്പോഴാണു ധോണിയേയും കോഹ്‌ലിയേയും മടക്കി മക്ലെനാഗന്‍ കിവീസിന് ആശ്വാസം സമ്മാനിച്ചത്.

പിന്നീടെല്ലാം വേഗത്തിലായിരുന്നു. ജഡേജ പൂജ്യത്തിനു മടങ്ങി. 12 റണ്‍സുമായി അശ്വിനും മടങ്ങിയതോടെ ഇന്ത്യയുടെ പതനം വേഗത്തിലായി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ അര്‍ധസെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് കിവീസിനെ നയിച്ചത്.

71 റണ്‍സെടുത്ത കെയ്ന്‍ വില്യംസാണ് ടോപ് സ്‌കോറര്‍. റോസ് ടെയ്‌ലര്‍ (55) കോറെ ആന്‍ഡേഴ്‌സണ്‍ (68) റണ്‍സെടുത്തു. ബ്രണ്ടന്‍ മക്കല്ലവും ലൂക് റോഞ്ചിയും 30 റണ്‍സ് വീതമെടുത്തു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement