ന്യൂദല്‍ഹി: നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന പ്രസ്താവനയ്ക്കു പിന്നാലെ കാശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യയ്ക്ക് കശ്മീരിനെ വൈകാരികമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ദി വയറിന് അനുവദിച്ച അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോട് സംസാരിക്കവേയാണ് യശ്വന്ത് സിന്‍ഹ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചത്. കാശ്മീരിലെ ജനങ്ങളെ മാറ്റിനിര്‍ത്തപ്പെടുന്നത് തന്നെ അതിയായി വേദനിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു


‘ കാശ്മീരികളെ വിഭജിക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വൈകാരികമായി നമുക്കവരെ നഷ്ടപ്പെട്ടു കഴിഞ്ഞു. കശ്മീരില്‍ പോയാല്‍ നമുക്ക് മനസിലാക്കാന്‍ പറ്റും അവര്‍ക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്.’

തന്റെ സാമൂഹിക സംഘടനയായ സി.സി.ജിയുടെ നേതൃത്വത്തില്‍ താഴ്‌വരയിലെ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച് വിഷയം പരിഹരിക്കാനുള്ള സാധ്യത ആരായുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് മാസം മുന്‍പ് പ്രധാനമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി അനുമതി തേടിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായില്ലെന്നും സിന്‍ഹ പറഞ്ഞു.


Also Read: രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു


പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോള്‍ സമയം അനുവദിക്കണമെന്നായിരുന്നു മറുപടി. രാജീവ് ഗാന്ധി മുതലുള്ള ഒരു പ്രധാനമന്ത്രിയും എന്നോട് ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. നിങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാന്‍ സമയമില്ലായെന്നു ഒരു പ്രധാനമന്ത്രിയും എന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.