അഹമ്മദാബാദ്: ആദ്യ രണ്ട് ഏകദിനത്തില്‍ നേരിട്ട പരാജയത്തിന് വിന്‍ഡീസ് മറുപടി നല്‍കി. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ കളിച്ച അഞ്ചാം മത്സരത്തിനും വിന്‍ഡീസിന് വിജയം. മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ 16 റണ്‍സിനു തോല്‍പിച്ചു വെസ്റ്റ് ഇന്‍ഡീസ് തിരിച്ചുവന്നു. സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 5-260, ഇന്ത്യ 46.5 ഓവറില്‍ 244 ഓള്‍ ഔട്ട്. നാലു വിക്കറ്റ് വീഴ്ത്തി വിന്‍ഡീസിന്റെ വിജയശില്പിയായ രവി രാംപോളാണ് മാന്‍ ഓഫ് ദ മാച്ച്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. അടുത്ത കളി എട്ടിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും.

Subscribe Us:

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് അവസാന പത്ത് ഓവറിലെ വെടിക്കെട്ടിന്റെ മികവിലാണ് 260 റണ്‍സെടുത്തത്. 40ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്തിരുന്ന വിന്‍ഡീസ് അവസാന പത്തോവറില്‍ രണ്ടു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 110റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 93 റണ്‍സും അവസാന ഏഴോവറിലായിരുന്നു.

17 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമിയും 18 പന്തില്‍ 40 റണ്‍സെടുത്ത ആന്ദ്രെ റസ്സലുമാണ് വാലറ്റത്ത് വിന്‍ഡീസിന് മികച്ച സ്‌കോര്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. സമിയും റസലും അവസാന ഓവറുകളില്‍ ഉമേഷ് യാദവിന്റെയും അഭിമന്യു മിഥുന്റെയും പരിചയക്കുറവ് മുതലെടുത്തു. റസല്‍ 18 പന്തില്‍നിന്നാണു 40 റണ്‍സ് (നാലു ഫോര്‍, രണ്ടു സിക്‌സര്‍) നേടിയത്. സമി 17 പന്തില്‍ 41 റണ്‍സ് (അഞ്ചു ഫോര്‍, രണ്ടു സിക്‌സര്‍) എടുത്തു. ഇരുവരും പുറത്താകാതെനിന്നു. 58 റണ്‍സെടുത്ത സാമുവല്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി വിനയ്കുമാര്‍ രണ്ടും ഉമേഷ് യാദവ്, അഭിമന്യു മിഥുന്‍, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

260 റണ്‍സ് വിജയലക്ഷ്യം മുന്നില്‍കണ്ട് ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും നേരിട്ട ആദ്യ പന്തുകളില്‍ പുറത്തായി. കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ വിരാട് കൊഹ്‌ലി(20) പുതുമുഖ സ്പിന്നല്‍ സുനില്‍ നരെയ്‌ന് കന്നി അന്താരാഷ്ട്ര വിക്കറ്റ് സമ്മാനിച്ച് മടങ്ങി. റെയ്‌ന(2)യും ജഡേജയും(11) കൂടി മടങ്ങിയതോടെ 105/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ കനത്ത തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും അശ്വിനെ കൂട്ടുപിടിച്ച് രോഹിത് നടത്തിയ ചെറുത്തു നില്‍പ്പ് ഇന്ത്യയുടെ പരാജയഭാരം കുറച്ചു.

Malayalam news

Kerala news in English