ടോക്കിയോ: ഡേവിസ്‌കപ്പ് ടെന്നീസ് പ്ലേ ഓഫില്‍ ജപ്പാനെതിരായ ആദ്യ രണ്ട് സിംഗിള്‍സിലും ഇന്ത്യ തോറ്റു. ആദ്യ സിംഗിള്‍സില്‍ സോംദേവ് വര്‍മനും രണ്ടാം സിംഗിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ജപ്പാന്‍ താരങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും തോറ്റത്.

ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരവും ലോക 65-ാം റാങ്കുകാരനുമായ സോംദേവ് തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലുളള ജപ്പാന്റെ യുയിച്ചി സുഗീത്തയോടാണ് തോറ്റത്. സ്‌കോര്‍: 6/3, 6/4, 7/5

രണ്ടാം സിംഗിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയെ 6/3, 6/2, 6/2 എന്ന സ്‌കോറിന് ജപ്പാന്റെ ഒന്നാം നമ്പര്‍ താരമായ നിഷികോറി പരാജയപ്പെടുത്തി. നാളെ ഡബിള്‍സും മറ്റന്നാള്‍ റിവേഴ്‌സ് സിംഗിള്‍സും നടക്കും. ആദ്യ ദിവസത്തെ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോക ഗ്രൂപ്പില്‍ എത്താനാവൂ. മറിച്ചാണെങ്കില്‍ 1985നു ശേഷം ആദ്യമായി ജപ്പാന്‍ ഡേവിസ് കപ്പിന്റെ ലോക ഗ്രൂപ്പിലേക്ക് മുന്നേറും.