Categories

നെഹ്‌റു കപ്പ്: ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

ന്യൂദല്‍ഹി: നെഹ്‌റു കപ്പ് ഫുട്‌ബോള്‍ കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യയ്ക്ക്. ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

Ads By Google

നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ്‌ മത്സരം 2-2ന് സമനിലയില്‍ ആയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരെ തീരുമാനിച്ചത്. ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ മുഴുവന്‍ കിക്കുകളും ലക്ഷ്യത്തിലെത്തി. കാമറൂണിനുവേണ്ടി അവസാന കിക്കെടുത്ത മാക്കണ്‍ തിയറിക്ക് പിഴച്ചു. തിയറിയുടെ കിക്ക് സൈഡ് പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി റോബിന്‍ സിങ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഡെന്‍സില്‍ ഫ്രാങ്കോ, മെഹ്താബ് ഹുസൈന്‍, ക്ലിഫോഡ് മിറാന്‍ഡെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാമറൂനിനുവേണ്ടി അഷു ടെംബെ, ഔസമില ബാബ, ക്യാപ്റ്റന്‍ പോള്‍ ബെബെ, കിന്‍ഗ്വു എമ്പോണ്ടോ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 19-ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയുടെ ഫ്രീകിക്കില്‍ നിന്നും ഗോര്‍മാംഗി സിങ്ങിന്റെ മനോഹര ഹെഡര്‍ ഗോളിയെ മറികടന്ന് വലയില്‍. ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച കാമറൂണ്‍ 29-ാം മിനിറ്റില്‍ സമനില പിടിച്ചു. മാകോണ്‍ തിയറിയുടെ ലോങ് റേഞ്ച് ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് പോസ്റ്റിന്റെ വലത് മൂലയില്‍ പതിച്ചു. പകുതി സമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ ആക്രമിച്ച കാമറൂണ്‍ 54-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. കിഗു മപോണ്ഡോയാണ് സ്‌കോറര്‍. എന്നാല്‍ 79ാം മിനിറ്റില്‍ കാമറൂണ്‍ ഗോളി ഹോസയ ഫൗള്‍ ചെയ്തിലൂടെ ലഭിച്ച പെനാല്‍റ്റി ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 2-2. തുടര്‍ന്ന് ഇരുടീമും ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.

ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ 108 റാങ്ക് മുന്നിലുള്ള രാജ്യമാണ് കാമറൂണ്‍. മൂന്ന് തവണ ലോകകപ്പ് കളിച്ചിട്ടുള്ള കാമറൂണിനെതിരേ ഇന്ത്യ മികച്ച കളിയാണ് ഫൈനലില്‍ പുറത്തെടുത്തത്. ലോകറാങ്കിങ്ങില്‍ മുന്നിലുള്ള സിറിയയേയും മാലിദ്വീപിനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

1982-ല്‍ തുടങ്ങിയ നെഹ്‌റു കപ്പില്‍ ആദ്യമായാണ് കാമറൂണ്‍ കളിക്കുന്നത്. 2007, 2009 വര്‍ഷങ്ങളില്‍ സിറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ നെഹ്‌റു കപ്പില്‍ മുത്തമിട്ടത്.

Tagged with: