എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷകരുടെ പ്രതിഷേധവും രാഷ്ട്രീയ സമ്മര്‍ദ്ദവും; പരുത്തി കയറ്റുമതി നിരോധനം പിന്‍വലിച്ചു
എഡിറ്റര്‍
Monday 12th March 2012 10:00pm

ന്യൂദല്‍ഹി: കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നും വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായ ഭിന്നതയാലും പരുത്തി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ലക്ഷ്യമിട്ടതിനേക്കാള്‍ അധികം കയറ്റുമതി ചെയ്തതിനാല്‍ ആഭ്യന്തര വിപണിയില്‍ ദൗര്‍ലഭ്യം നേരിടും എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയായിരുന്നു കേന്ദ്രം പരുത്തി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മില്ലുകള്‍ പൂട്ടിയിട്ടുള്ള സമരവും നടത്തിയിരുന്നു. കൂടാതെ, തങ്ങളുടെ വസ്ത്രവ്യവസായ മേഖലയെ ഇന്ത്യയുടെ നടപടി പ്രതിസന്ധിയിലാക്കുമെന്ന് പറഞ്ഞ് ചൈനയും ബംഗ്ലാദേശും നിരോധനത്തിനെതിരെ രംഗത്തെത്തി.

ശരദ് പവാറുമായി ചര്‍ച്ച ചെയ്യാതെയായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതുകൊണ്ടു തന്നെ പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ കൃഷിമന്ത്രി ശരദ്പവാര്‍ രംഗത്തു വന്നു. ഇത് കേന്ദ്രത്തിന് കൂടുതല്‍ തലവേദനയുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രധാനമന്ത്രി നിരോധനം പുനപരിശോധിക്കാന്‍ നിയോഗിച്ചത്.

തുടര്‍ന്ന് കര്‍ഷകരുടെയും വ്യവസായികളുടെയും വ്യാപാരികളുടെയും താത്പര്യങ്ങള്‍ പരിഗണിച്ച് പരുത്തിയുടെ കയറ്റുമതി അനുവദിക്കാന്‍ മന്ത്രിസഭ ഉന്നതാധികാര സമിതി തീരുമാനിക്കുകയായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പരുത്തി കയറ്റുമതി നിരോധനത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ പരുത്തി വില കുതിച്ചുയര്‍ന്നിരുന്നു.

പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ ചൈനയും ബംഗ്ലാദേശും

പരുത്തി കയറ്റുമതി നിരോധനം പുനപരിശോധിക്കുന്നു

Malayalam news

Kerala news in English

Advertisement