ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമായതായി റിപ്പോര്‍ട്ട്. ആഗോള ആയുധ കയറ്റുമതിയെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന സ്വീഡനിലെ ഒരു സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആയുധം ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ അയല്‍ക്കാരായ ചൈനയെയാണ് ഇന്ത്യ പിന്നിലാക്കിയിരിക്കുന്നത്. 2006മുതല്‍ 10 വരെയുള്ള വര്‍ഷങ്ങളില്‍ ആഗോളആയുധ കയറ്റുമതിയുടെ 9 ശതമാനവും ഇന്ത്യയിലേക്കാണ് ഒഴുകിയതെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് പറയുന്നു.

ഇതേ കാലയളവില്‍ ആറുശതമാനം ആയുധങ്ങളാണ് ചൈന ഇറക്കുമതി ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറ്റവുമധികം ആയുധം കയറ്റുമതി ചെയ്യുന്ന രാഷ്ട്രം അമേരിക്കയാണ്. റഷ്യയും ജര്‍മനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രതിരോധ രംഗത്ത് ഇന്ത്യ വന്‍ ശക്തിയായി മാറിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍,ചൈന എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധം, ആയുധങ്ങളുടെയും പടക്കോപ്പുകളുടേയും നവീകരണം എന്നിവയെല്ലാം പുതിയ റെക്കോര്‍ഡിലെത്താന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.