Categories

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ‘ആകാശ്’ എന്ന ടാബ്‌ലറ്റിന് പൊതുവിപണിയില്‍ 2,999 രൂപയാണ് വില. നാഷണല്‍ മിഷന്‍ എഡ്യുക്കേഷന്‍ ത്രൂ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് പുറത്തിറക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനു കഴിയും വിധമാണ് ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 18 സെന്റീമീറ്റര്‍ (ഏഴ് ഇഞ്ച്) നീളമുള്ള ടച്ച് സ്‌ക്രീന്‍, വൈ-ഫൈ ഇന്റര്‍നെറ്റ് സംവിധാനം, 180 മിനിറ്റ് ബാറ്ററി പവര്‍, മീഡിയ പ്ലെയര്‍ എന്നിവയാണ് ഈ ടാബ് ലറ്റിന്റെ പ്രത്യേകത. 2.2 ആന്‍ട്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് കാനഡയിലെ നിര്‍മാതാക്കളായ ഡാറ്റവിന്റ് അവകാശപ്പെടുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് കേപ്പബിലിറ്റി, 2 യു.എസ്.ബി പോര്‍ട്ട്‌സ്, 32 ജി.ബി വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ആകാഷ് അവകാശപ്പെടുന്നു. എന്നാല്‍, 256 മെഗാബൈറ്റ് റാന്റം ആക്‌സസ് മെമ്മറി ടാബ് ലറ്റിന്റെ കാര്യക്ഷമത കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 ടാബ്‌ലറ്റ് രൂപയ്ക്ക് ലഭിക്കും. തുടക്കത്തില്‍ ഒരു ലക്ഷം കംപ്യൂട്ടറുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കംപ്യൂട്ടറുകള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വിലയില്‍ ഇനിയും കാര്യമായ മാറ്റം വരും. ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ ആവശ്യമായതിനാല്‍ ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. 2011 ജനുവരിയോടെ 100,000 ടാബ്‌ലറ്റുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡി നീണ്ടുപോയതിനെ തുടര്‍ന്ന് നിര്‍മ്മാണം വൈകുകയായിരുന്നു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇതിന് നേതൃത്വം നല്‍കിയതെന്ന് ടാബ്‌ലറ്റ് പുറത്തിറക്കിയ ചടങ്ങില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ ജ്ഞാനം വര്‍ധിപ്പിച്ച് അവരുടെ ടെക്‌നോളജിക്കല്‍ സ്‌കില്‍സ് പരിപോഷിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാഷിന്റെ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റിംഗ് ഏതുവിധത്തിലായിരിക്കുമെന്നത് വ്യക്തമല്ല. എന്നാല്‍ ഷോപ്പുകളേക്കാള്‍ യൂണിവേഴ്‌സിറ്റികളും കോളേജുകളും വഴിയാവും കംപ്യൂട്ടര്‍ വിറ്റഴിക്കുക. ലാന്‍ഡ് ഫോണുകള്‍ക്ക് കാത്തുനില്‍ക്കാതെ ഇന്ത്യന്‍ ഉപഭോക്തൃ സമൂഹം മൊബൈലിന് പിന്നാലെ പോയതുപോലെ ടാബ്‌ലറ്റിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.