ന്യൂദല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയും ഇറ്റലി വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇരുരാജ്യങ്ങളും മുന്‍നിലപാടുകളില്‍ ഉറച്ചുനിന്നതാണ് ഒന്നരമണിക്കൂറോളം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിയാന്‍ കാരണം.

ഇറ്റലിയുമായുള്ള ബന്ധം ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്നും ചര്‍ച്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ എസ്.എം.കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ ദുഃഖമുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കും. കേസിലെ കോടതി നടപടികള്‍ തൃപ്തികരമാണെന്നും ജൂലിയോ തെര്‍സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രാവിലെ ദല്‍ഹിയിലെത്തിയ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മയുമായും ചര്‍ച്ച നടത്തിയിരുന്നു. എസ്.എം കൃഷ്ണയുമായുള്ള ചര്‍ച്ചക്കു ശേഷം ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി കേരളത്തിലെത്തും. കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമത്തിലൂടെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ നാവികര്‍ സഞ്ചരിച്ച കപ്പല്‍ 3 കോടി രൂപ കെട്ടിവെച്ചാല്‍ തീരം വിടാം എന്ന് ഹൈകോടതി. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ നഷ്ടപരിഹാര ഹരജി പരിഗണിച്ചാണ് കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ 25 ലക്ഷം കെട്ടിവെക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍, പിങ്കുവിന്റെ കുടുംബം രണ്ട് കോടിയും സെലസ്റ്റിന്റെ കുടുംബം ഒരു കോടിയും ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ക്ക് വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണെന്നും സംഭവത്തില്‍ ക്യാപ്റ്റന് ഉത്തരവാദിത്വം ഉണ്ടോയെന്നും കോടതി ആരാഞ്ഞു. വെടിവെപ്പുമായി ക്യാപ്റ്റന് യാതൊരു ബന്ധവുമില്ലെന്നും കപ്പലിന്റെ സുരക്ഷാ ഉത്തരവാദിത്വം ഇറ്റാലിയന്‍ നാവികസേനക്കാണെന്നും കപ്പല്‍ ഉടമകള്‍ കോടതിയെ അറിയിച്ചു.

Malayalam news

Kerala news in English