സെന്റ് എഡ്മണ്ട് കോളേജേ (ഫയല്‍ ഫോട്ടോ)

ഷില്ലോംഗ്: ഭൂമിയില്‍ തകര്‍ന്ന് വീണ നാസയുടെ കൃത്രിമോപഗ്രഹ അവശിഷ്ടങ്ങള്‍ ഇന്ത്യയിലും പതിച്ചതായി റിപ്പോര്‍ട്ട്. മേഘാലയന്‍ തലസ്ഥാനമായ ഷില്ലോംഗിലെ സെന്റ് എഡ്മണ്ട് കോളേജിലെ പൂന്തോട്ടത്തിലാണ് ബഹിരാകാശ വസ്തുവിന്റേതെന്ന് സംശയിക്കുന്ന അവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോലീസ് ഈ വസ്തു കണ്ടെടുത്ത് ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.

എയര്‍ക്രാഫ്റ്റിനെയും മറ്റും വായുവില്‍ മുന്നോട്ട് തള്ളാന്‍ സഹായിക്കുന്ന പ്രൊപ്പല്ലറിനോട് സാമ്യമുള്ള വസ്തുവാണിത്. ഏതാണ്ട് 20 കിലോഗ്രാം ഭാരമുള്ള ഈ വസ്തു ഭൂമിയില്‍ പതിച്ചപ്പോള്‍ സാമാന്യം വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. കൃത്യമായി തിരിച്ചറിയാനായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഭൂമിയില്‍ പതിച്ച നാസയുടെ അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ചിന്റെ (യു.എ.ആര്‍.എസ്) 26 കഷ്ണങ്ങള്‍ ഒന്നായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.

ഭൂമീയുടെ ഉത്തര-ദക്ഷിണാര്‍ധ ഗോളങ്ങളില്‍ 57 ഡിഗ്രികള്‍ക്കിടയില്‍ എവിടെയും അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇപ്പോള്‍ മേഘാലയയില്‍ കണ്ടെത്തിയ വസ്തു യു.എ.ആര്‍.എസിന്റെ ഭാഗം തന്നെയായിരിക്കാമെന്നാണ് കരുതുന്നത്. യു.എ.ആര്‍.എസ് ഭൂമിയില്‍ എവിടെയാണ് പതിച്ചതെന്ന് നാസക്ക് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പസിഫിക്കില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം നാസ നല്‍കിയ വിവരം. ഇതിനെ കൃത്യമായി നിരീക്ഷണ വിധേയമാക്കുന്നതിലൂടെ വസ്തുവിന്റെ ഉദ്ഭവും തിരിച്ചറിയാനാകുമെന്നാണ് ഐ.എസ്.ആര്‍.ഓ യിലെ മുതിര്‍ന്ന ഗവേഷകനായ ഡോ.എസ്.റാവുവിന്റെ അഭിപ്രായം.

രണ്ടു പതിറ്റാണ്ട് മുമ്പാണ് ഉപഗ്രഹം വിക്ഷേപിച്ചിരുന്നത്. അന്തരീക്ഷത്തിലെ പല രാസഘടകങ്ങളെയും മനസിലാക്കാന്‍ ഈ ഉപഗ്രഹം സഹായിച്ചിട്ടുണ്ട്. ഓസോണിനെക്കുറിച്ചുള്ള ആദ്യവിവരങ്ങളുടെ അടിസ്ഥാനം ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള പഠനങ്ങളായിരുന്നു. 750 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 3375 കോടി രൂപ) ആയിരുന്നു ഇതിന്റെ നിര്‍മ്മാണ ചെലവ്.