Categories

Headlines

അവസാനദിവസം ഇന്ത്യക്ക് ഒരു വെള്ളിയും രണ്ട് വെങ്കലവും

tintu lukaകൊബെ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിവസം ഒരു വെള്ളിയും രണ്ട് വെങ്കലവും കൊണ്ട് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടിവന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആകെ നേടാനായത് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവും മാത്രമാണ്. സുധാസിങ്ങും ടിന്റു ലൂക്കയും ഗമന്തറാമുമാണ് അവസാന ദിവസം ഇന്ത്യയ്ക്കുവേണ്ടി മെഡലുകള്‍ നേടിയത്.

വനിതകളുടെ 800 മീറ്ററില്‍ 2:02.55 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മലയാളി താരം ടിന്റു ലൂക്ക വെങ്കലം നേടിയത്. 1:59.17 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്യാന്‍ പറ്റുമായിരുന്ന ടിന്റുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്വര്‍ണം നേടിയ വിയറ്റ്‌നാമിന്റെ താന്‍ ഹാങ് ട്രുവോങ് 2:01.41 സെക്കന്‍ഡ് കൊണ്ടാണ് ഫിനിഷ് ചെയ്തത്. വെള്ളി നേടിയ കസാക്കിസ്താന്റെ മാര്‍ഗാരിറ്റ മാത്‌സ്‌കൊയ്ക്കും 2:02.46 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്തു. ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ടിന്റു വെങ്കലം നേടിയത്.

വനിതകളുടെ സ്റ്റീപ്പിള്‍ ചേസില്‍ 10:08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുധാസിങ് വെള്ളി നേടിയത്. 9.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ മിനോരി ഹാരാകാരിക്കാണ് സ്വര്‍ണം. വിയറ്റ്‌നാമിന്റെ തി ഫുവോങ് ഗുയാന്‍ വെങ്കലവും നേടി.

1:46.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗമന്തറാം പുരുഷന്മാരുടെ 800 മീറ്ററില്‍ കന്നി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ സ്വന്തമാക്കിയത്. കുവൈത്തിന്റെ മുഹമ്മദ് മുത്‌ലക് അല്‍ അസിമി സ്വര്‍ണം നേടി. 1:46.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇറാന്റെ സജാദ് മൊറാദ് വെള്ളിയും നേടി. ഈയിനത്തില്‍ ഇന്ത്യയുടെ മലയാളി താരം സജീഷ് ജോസഫ് 1:48.56 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.