മുംബൈ: വാങ്കടേ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ലോകചാമ്പ്യന്‍മാരായ ഇന്ത്യക്ക് നല്‍കിയ ട്രോഫി ഒറിജിനല്‍ തന്നെയാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ഇന്ത്യക്ക് നല്‍കിയിട്ടുള്ള കപ്പില്‍ ഐ.സി.സിയുടെ ലോഗോ ഉണ്ടെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഐ.സി.സി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രമോഷന് വേണ്ടി ഐ.സി.സി തയ്യാറാക്കിയ ട്രോഫിയാണ് മുംബൈ കസ്റ്റംസ് അധികൃതരുടെ കൈയ്യിലുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ആവേശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ലഭിച്ചത് ഡ്യൂപ്ലിക്കേറ്റ് ലോകകപ്പാണെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഒറിജിനല്‍ കപ്പ് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാത്തതിന്റെ പേരില്‍ മുംബൈയില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ വിവാദം അടിസ്ഥാനമില്ലാത്തതാണെന്നും യഥാര്‍ത്ഥ ട്രോഫി തന്നെയാണ് ടീം ഇന്ത്യക്ക് ലഭിച്ചതെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇന്ത്യക്ക് ലഭിച്ച ലോകകപ്പില്‍ ഐ.സി.സിയുടെ ലോഗോ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ലോകകപ്പിന്റെ 35 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. ബി.സി.സി.ഐ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ട്രോഫി തങ്ങള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞിരുന്നത്.