എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ മകളെ ലോകം എന്നും ഓര്‍ക്കണം, അതിനാല്‍ ഞാന്‍ അവളുടെ പേര് വെളിപ്പടുത്തുന്നു’
എഡിറ്റര്‍
Sunday 6th January 2013 11:59am

‘തന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ല. സ്വയം സംരക്ഷിക്കുന്നതിനിടയിലാണ് അവള്‍  കൊല്ലപ്പെട്ടത്. അവളെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. മറ്റ് സ്ത്രീകള്‍ക്കും ഒരു പ്രചോദനമാകുന്നതിനായി അവളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നു’, ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകളാണിത്. സണ്‍ഡേ പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് ബദ്രി സിങ് പാണ്ഡേ തന്റെ മകളുടെ പേര് വെളിപ്പെടുത്തിയത്.

Ads By Google

എന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചയാളുകളെ നേര്‍ക്കുനേര്‍ കാണാനായിരുന്നു ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്കവരെ കാണേണ്ട. അവരെ തൂക്കി കൊന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

ആറ് പേരുടെ മരണം മാത്രമാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. അവര്‍ മൃഗങ്ങളാണ്. ഇനി ഇതിപോലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. ബദ്രി പാണ്ഡേ പറഞ്ഞു.

മകള്‍ അക്രമത്തിനിരയായ ദിവസത്തെ കുറിച്ച് ബദ്രി പാണ്ഡേ പറയുന്നതിങ്ങനെ, ‘ഡിസംബര്‍ 16 ന് ഞാന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സമയം 10.30 ആയിരുന്നു. സിനിമയ്ക്ക് പോയ മകള്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭാര്യ ഏറെ പരിഭ്രാന്തയായിരുന്നു. നിരവധി തവണ മകളേയും സുഹൃത്തിനേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ റിങ് ചെയ്യുകയല്ലാതെ ആരും എടുത്തില്ല.

11.15 ആയപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഫോണ്‍ വന്നു. മകള്‍ക്ക് അപകടം പറ്റിയെന്നായിരുന്നു അറിയിച്ചിരുന്നത്. സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ ഞാന്‍ കാണുന്നത് എന്റെ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ്. ഞാന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ പതുക്കെ കണ്ണുതുറന്നു. എന്നെ കണ്ടതും അവള്‍ കരയാന്‍ തുടങ്ങി, അസഹ്യമായ വേദനയുണ്ടെന്നും പറഞ്ഞു.

മകളോട് ധൈര്യമായിരിക്കാനും എല്ലാം ശരിയാകുമെന്നും ഞാന്‍ സമാധാനിപ്പിച്ചു. ആ സമയത്തും എനിക്കറിയില്ലായിരുന്നു എന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന്. അവസാനം ഒരു പോലീസുകാരനാണ് എന്നോട് കാര്യം പറഞ്ഞത്.

ഇരുവരേയും ബസ്സില്‍ വെച്ച് ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചതായും മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഇരുവരേയും റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും പോലീസ് പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന ദല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ് ഇരുവരേയും ബസ്സില്‍ വലിച്ചെറിഞ്ഞത്.

ഞാന്‍ ഉടന്‍ തന്നെ ഭാര്യയേയും മകനേയും വിളിച്ച് ആശുപത്രിയിലെത്താന്‍ പറഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ എനിക്കായില്ല. ആദ്യത്തെ പത്ത് ദിവസം മകള്‍ക്ക് ബോധം വന്നും പോയും കൊണ്ടിരുന്നു. അവള്‍ രക്ഷപ്പെടുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

അവളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം ചെയ്തു. അവള്‍ ഇടക്കിടെ അംഗവിക്ഷേപം വഴി സംസാരിക്കുന്നുണ്ടായിരുന്നു. വായില്‍ പൈപ്പ് ഉള്ളതിനാല്‍ സംസാരിക്കാന്‍ ആവുമായിരുന്നില്ല. രണ്ട് തവണയാണ് പോലീസിന് അവള്‍ മൊഴി നല്‍കിയത്. പക്ഷേ അവള്‍ എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാന്‍ എനിക്ക് സാധിച്ചില്ല.

അവളുടെ അമ്മയായിരുന്നു ഈ സമയത്ത് അവള്‍ക്കൊപ്പമുണ്ടായിരുന്നത്. അവളുടെ വിശദീകരണം കേട്ട് എന്റെ ഭാര്യ പൊട്ടിക്കരഞ്ഞുപോയി. ഭാര്യയാണ് പിന്നീട് എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയുന്നത്. അതിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഒന്നും മാത്രം പറയാം, അവര്‍ മനുഷ്യരോ മൃഗങ്ങളോ അല്ല. മൃഗങ്ങള്‍ ഒരിക്കലും ഇങ്ങനെ പെരുമാറില്ല.

എന്റെ മകള്‍ ഒരുപാട് കരഞ്ഞു, അവള്‍ക്ക് നല്ല വേദനയുണ്ടായിരുന്നു. അമ്മയേയും സഹോദരനേയും കണ്ടപ്പോള്‍ അവള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എപ്പോഴും കരഞ്ഞിരിക്കാന്‍ അവള്‍ തയ്യാറായില്ല. അസാമാന്യമായ ധൈര്യമായിരുന്നു പിന്നീട് അവള്‍ കാണിച്ചത്. എല്ലാം ശരിയാവുമെന്ന് തന്നെ അവള്‍ വിശ്വസിച്ചു.

എല്ലാം പെട്ടന്ന് ശരിയായി വേഗം വീട്ടിലേക്ക് മടങ്ങാമെന്ന് ഞാന്‍ അവളെ സമാധാനിപ്പിച്ചു. വീട്ടിലേക്ക് മടങ്ങാമെന്ന് കേട്ടപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു. എന്റെ മകള്‍ക്കരികില്‍ ഞാന്‍ ഇരുന്നപ്പോള്‍ വല്ലതും കഴിച്ചോ എന്നാണ് അവള്‍ ചോദിച്ചത്. അല്‍പ്പനേരം വിശ്രമിക്കാനും അവള്‍ പറഞ്ഞു.

ജീവിക്കാന്‍ എന്റെ മകള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അവള്‍ പോയപ്പോള്‍ എല്ലാം ശൂന്യമായത് പോലെ തോന്നുന്നു. ഞങ്ങളുടെ ജീവിതം അവള്‍ക്കുചുറ്റുമായിരുന്നു. അവള്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി.

അവളുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡേ അവളെ രക്ഷിക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. അദ്ദേഹം അവളുടെ പ്രതിശ്രുത വരനാണെന്നുള്ളതൊക്കെ ആളുകള്‍ വെറുതേ പറയുന്നതാണ്. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹത്തെ കുറിച്ചൊന്നും അവള്‍ ചിന്തിച്ചിരുന്നില്ല. പഠനത്തിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവന്‍.

അവീന്ദ്ര തന്നെ രക്ഷിക്കാന്‍ ഏറെ പരിശ്രമിച്ചതായി അവള്‍ അമ്മയോട് പറഞ്ഞിരുന്നു. ഒരു ഡോക്ടറാവാനായിരുന്നു അവളുടെ ആഗ്രഹം. മകളുടെ ആഗ്രഹം സാധിപ്പിക്കാനുള്ള പണം തന്റെ കൈയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിരാശപ്പെട്ടില്ല. ജോലിയെടുത്താണ് അവള്‍ പഠിക്കാനുള്ള പണം കണ്ടെത്തിയത്.

1983 ലാണ് ഉത്തര്‍പ്രദേശുകാരയ പെണ്‍കുട്ടിയുടെ കുടുംബം ദല്‍ഹിയിലെത്തുന്നത്. 150 രുപയായിരുന്നു അന്ന് ബദ്രി പാണ്ഡേയുടെ മാസവരുമാനം. പരമ്പരാഗതമായി കിട്ടിയ ഭൂമി വിറ്റാണ് മകളെ പഠിപ്പിക്കാനുള്ള പണം ബദ്രി കണ്ടെത്തിയത്.

എന്റെ വരുമാനത്തില്‍ ദല്‍ഹിയില്‍ ജീവിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ തനിക്ക് ജോലി കിട്ടുന്നതോടെ എല്ലാം മാറുമെന്നായിരുന്നു അവളുടെ  പ്രതീക്ഷ. രണ്ട് സഹോദരന്‍മാരാണ് ജ്യോതിക്കുള്ളത്, സൗരവ് സിങ്ങും ഗൗരവ് സിങ്ങും.

സഹോദരിയില്ലാത്ത ജീവിതം ഏറെ അരോജകമാണെന്നാണ് സഹോദരര്‍ പറയുന്നത്. അവളുടെ ഉപദേശമില്ലാതെ എന്ത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഗൗരവ് പറയുന്നു.

തന്റെ മകള്‍ക്കുണ്ടായ ആക്രമണത്തില്‍ രാജ്യം മുഴുവന്‍ തങ്ങള്‍ക്കൊപ്പം നിന്നതില്‍ ബദ്രി സിങ് നന്ദി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് ഇനിയെങ്കിലും എല്ലാവരും പഠിക്കട്ടേയെന്നും ബദ്രി സിങ് പറയുന്നു.

പോലീസ് ഒരിക്കലും സ്വന്തം കാര്യമായി ഇതിനെ കാണില്ല. പക്ഷേ, രക്ഷിതാക്കള്‍ അങ്ങനെയാവരുതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി: പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

Advertisement