കറാച്ചി: ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ തങ്ങളുടെ മനസ്സില്‍ ചെറിയൊരു സമ്മര്‍ദ്ദമുണ്ടെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ഹബ് ഉള്‍ ഹക്ക്.  ഏഷ്യന്‍ കപ്പില്‍ വരുന്ന 18 ാംതിയ്യതിയാണ് ഇന്ത്യയുമായുള്ള മത്സരം.

2011 ലെ വേള്‍ഡ് കപ്പിലെ തോല്‍വിയ്ക്ക് മനസ്സില്‍ വെച്ച് അതിന്റെ പ്രതികാരമായൊന്നുമല്ല ഞങ്ങള്‍ ഈ കളിയെ കാണുന്നത്. എന്നുവെച്ച് തീരെ സമ്മര്‍ദ്ദം ഇല്ലെന്ന് പറയാനും വയ്യ. ഇന്ത്യന്‍ ടീമിലേത് മികച്ച താരങ്ങളാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരും.

ധാക്കയില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ കറാച്ചി എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉള്‍ഹഖ്. മാര്‍ച്ച് 11 ന് ബംഗ്ലാദേശുമായാണ് ആദ്യമത്സരം. ഇന്ത്യയെന്നല്ല, ഏതുടീമിനോടും പ്രത്യേകിച്ച് ബംഗ്ലാദേശിനോട് കളിക്കുമ്പോഴും സമ്മര്‍ദ്ദമുണ്ടാകും. പ്രത്യേകിച്ച് അത് അവരുടെ ഹോംഗ്രൗണ്ടാണ്. അവിടുത്തെ പിച്ചും ഗ്രൗണ്ട് സപ്പോര്‍ട്ടും എല്ലാം അവര്‍ക്ക് അനുകൂലമാണ്.

ഇന്ത്യയും, ബംഗ്ലാദേശും ശ്രീലങ്കയും ഇപ്പോള്‍ നല്ല ഫോമിലാണ്. അതുകൊണ്ട് തന്നെ കളി ശക്തമായിരിക്കും. പാക്കിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് പുതിയ കോച്ചിന്റേയും ഫീല്‍ഡിംഗ് കോച്ചിന്റെയും പരിശീലനത്തില്‍ തങ്ങള്‍ പരിശീലിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ഒരു നല്ല തുടക്കം പ്രതീക്ഷിക്കുന്നു.

ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരങ്ങള്‍ മാത്രമല്ല എല്ലാ മത്സരങ്ങളും വളരെ ഗൗരവത്തോടെ കാണണമെന്നു തന്നെയാണ് ടീമംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഏഷ്യാകപ്പില്‍ കളിക്കുകയെന്നത് ഒരു ചാലഞ്ച് തന്നെയാണ്. കാരണം ഒരു കളിയില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നാല്‍ പിന്നീട് അവസരം ലഭിക്കില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും ഉള്‍ ഹക്ക് വ്യക്തമാക്കി.

Malayalam news

Kerala news in English