Categories

മുഖം മിനുക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍

സൂരജ് പി വി

തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ കാല്‍പ്പന്തുകളിയെ രക്ഷിക്കാനായി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയതാണ് കായികരംഗത്തു നിന്നും ഈയാഴ്ച്ചകേട്ട ഏറ്റവും പ്രധാന വാര്‍ത്ത. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും കരുതുന്ന കരാറിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഐ എഫ് എഫ്)യും റിലയന്‍സ് ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പും തമ്മില്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് ഓര്‍ക്കാപ്പുറത്ത് ബമ്പര്‍ ലോട്ടറിയടിച്ചിരിക്കുന്നു എന്നാണ് പലമാധ്യമങ്ങളും കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

700 കോടി രൂപയുടെ കരാര്‍ 15വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. യുവതാരങ്ങളെ വാര്‍ത്തെടുക്കല്‍, കളിക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളവും മികച്ച പരിശീലനവും നല്‍കല്‍,സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവും, ഐ പി എല്‍ മാതൃകയിലൊരു ഫുട്‌ബോള്‍ ലീഗ്, ഇന്ത്യന്‍ കളിക്കാര്‍ക്ക് മികച്ച വിദേശക്ലബ്ബുകളില്‍ കളിക്കാന്‍ അവസരമൊരുക്കല്‍ തുടങ്ങി ലോകകപ്പ ഫുട്‌ബോള്‍ കിരീടം ഇന്ത്യയിലെത്തിക്കുന്നതുവരയുള്ള നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ കരാര്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ്?
ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് പുതിയ കരാറിലൂടെ യാഥാര്‍ത്ഥ്യമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ താരങ്ങളെ കണ്ടെത്താനും ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഇത്തരമൊരു നീക്കം സഹായകമാകുമെന്ന് നേരത്തേ വിലയിരുത്തിയതാണ്. എന്നാല്‍ എല്ലാ കുത്തക കമ്പനികളും കോടികള്‍ എറിഞ്ഞ് ശതകോടികള്‍ കൊയ്യുന്ന ക്രിക്കറ്റിനു നേരെ പോയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് എന്ന സ്വപ്‌നം മരീചികയായി.

ഈ സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രസക്തമാകുന്നത്. പുതിയ ആഭ്യന്തര ഫുട്‌ബോള്‍ ലീഗ് എന്നത് സ്വപ്‌നമായി അവശേഷിപ്പിക്കാതെ യാഥാര്‍ത്ഥ്യമാക്കാനാണ് പുതിയ കരാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ ഐ-ലീഗ് കൂടുതല്‍ ആകര്‍ഷകമാക്കാനും പുതിയൊരു ലീഗ് തുടങ്ങാനുമാണ് നീക്കം. കാര്യങ്ങളെല്ലാം ചേരുംപടി ചേരുകയാണെങ്കില്‍ ഫഌ്‌ലെറ്റ് സ്റ്റേഡിയത്തിനു താഴെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിര്‍ത്തി ഇന്ത്യന്‍ ഫുട്‌ബോളിലെ യുവരക്തങ്ങള്‍ പന്തുമായി മുന്നേറുന്ന കാഴ്ച്ച നമുക്ക് കാണാം.

പുതിയ സ്റ്റേഡിയങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍

സ്റ്റേഡിയങ്ങളുടെ അഭാവവും നിലവിലുള്ള സ്റ്റേഡിയങ്ങളുടെ ദയനീയാവസ്ഥയുമാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ പിന്നോട്ടടിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരുസ്റ്റേഡിയം പോലും നമുക്കില്ല. ഐ-ലീഗ് അടക്കമുള്ള എന്തെങ്കിലും മല്‍സരങ്ങള്‍ വരുമ്പോഴാണ് സ്‌റ്റേഡിയങ്ങല്‍ പൊടിതട്ടിയെടുക്കുക. അത് കഴിയുന്നതോടെ എല്ലാം പഴയപോലെയാകും.

പല സ്റ്റേഡിയങ്ങളും സ്വകാര്യആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ഗാനമേളകള്‍ക്കായും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടെ സമ്മേളനങ്ങള്‍ക്കായും സ്റ്റേഡിയം തുറന്നുകൊടുത്തിരിക്കുന്നു. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പുതിയ കരാര്‍ ഒരുപരിധിവരെയെങ്കിലും തടയിടും.

കൂടാതെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനത്തിനായി ഫിഫ രണ്ട് മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാനും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണികള്‍ക്കും, ഫഌ്‌ലൈറ്റ് നിര്‍മ്മാണത്തിനും ഈ തുക ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളായ രവീന്ദര്‍ സരോവര്‍ സ്‌റ്റേഡിയം, ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം, മുംബൈ കൂപ്പറേജ് സ്റ്റേഡിയം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനാണ് എ ഐ എഫ് എഫ് നീക്കം.

പുതിയ കരാറോടെ ഐ എം ജി ആയിരിക്കും ഇന്ത്യയുടെ സ്‌പോണ്‍സര്‍. ഐ-ലീഗിന് സ്‌പോണ്‍സര്‍മാരില്ലാത്ത അവസ്ഥയും ഇതോടെ അവസാനിക്കും.

സീ സ്‌പോര്‍ട്‌സുമായുള്ള കരാര്‍ പുതിയ കരാറോടെ അവസാനിക്കും. കരാര്‍ അവസാനിക്കാന്‍ ഇനിയും അഞ്ചുവര്‍ഷം ബാക്കിയുണ്ടെങ്കിലും പുതിയ കരാറിലേര്‍പ്പെടാന്‍ എ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു. കൂടാതെ കരാര്‍ അവസാനിപ്പിക്കുന്നതിനായി സീ സ്‌പോര്‍ട്‌സിന് 70 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഐ-ലീഗ് സംപ്രേഷണം ആര്‍ക്കെല്ലാം നല്‍കണമെന്നത് ഇനി ഐ എം ജി ആയിരിക്കും തീരുമാനിക്കുക. പുതിയ സംപ്രേഷണ കരാറിനായി ലേലം വിളിക്കാനും തീരുമാനമായിട്ടുണ്ട്.

വളരെ വൈകിയാണെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിപ്ലവകരമായ മാറ്റം വരുത്താനുദ്ദേശിച്ചുള്ളതാണ് പുതിയ കരാര്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനായി ഒരു സ്വകാര്യകമ്പനിക്കുതന്നെ രംഗത്തെത്തേണ്ടിവന്നു എന്നതും പരിശോധിക്കേണ്ടതാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളും കുറച്ചെങ്കിലും സ്വകാര്യ നേട്ടങ്ങളും പുതിയ കരാറിലൂടെ ഐ എം ജിക്ക് ഉണ്ടാകുമെന്നുറപ്പാണ്. എങ്കിലും എല്ലാം കണ്ടിട്ടും ഒന്നുംചെയ്യാതെ മൗനംപാലിക്കുന്ന കേന്ദ്രകായികമന്ത്രാലയത്തെക്കാളും എത്രയോ മെച്ചമാണ് ഐ എം ജിയെന്ന് പറയാതെ വയ്യ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ