Administrator
Administrator
തോറ്റ ചരിത്രം കേട്ടിട്ടില്ലാ…
Administrator
Wednesday 30th March 2011 11:00pm

മൊഹാലി: വിജയത്തിനായി ആര്‍ത്തലച്ച കാണികളേയും ലോകമെമ്പാടുമുള്ള ആരാധകരെയും ആവേശക്കടലിലാറാടിച്ച് ‘ ഇന്ത്യന്‍ ബ്ലൂ ബ്രിഗേഡ് ‘ ലോകകപ്പിന്റെ ഫൈനലില്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ ഇളക്കം തട്ടാതെ സൂക്ഷിച്ചു. വെടിക്കെട്ടോടെ സെവാഗും, പരിചയ സമ്പന്നതയുടെയും ഭാഗ്യത്തിന്റേയും അകമ്പടിയോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും , മുമ്പെങ്ങും കാണാത്ത കണിശതയോടെ ബൗളര്‍മാരും…എല്ലാവരും കൂടി ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.

പതിവുപോലെ സെവാഗ്
സെമിയിലും സെവാഗ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശി. ഉമര്‍ ഗുല്ലായിരുന്നു സെവാഗിന്റെ ബാറ്റിംഗ് ചൂട് ഏറ്റവുമധികം അറിഞ്ഞത്. ഗുല്ലിന്റെ മൂന്നാം ഓവറില്‍ അഞ്ച്ബൗണ്ടറികള്‍ നല്‍കിയാണ് സെവാഗ് ഗുല്ലിനെ എതിരേറ്റത്. തുടക്കത്തിലെ തകര്‍പ്പനടിയാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഭാഗ്യം തുണച്ച് സച്ചിന്‍
നിര്‍ണായക മല്‍സരത്തില്‍ തന്റെ നൂറാം സെഞ്ച്വറിനേട്ടത്തിനിറങ്ങിയ സച്ചിന്‍ ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ട സച്ചിന്‍ സ്പിന്നര്‍മാര്‍ക്കെതിരേ വിറയ്ക്കുന്നത് കാണാമായിരുന്നു. പ്രത്യേകിച്ച സയിദ് അജ്മലിനെതിരേ. അജ്മലിനെതിരേ ശക്തമായ എല്‍ ബി ഡബ്ലൂ അപ്പീല്‍ മൂന്നാംഅമ്പയറുടെ സഹായത്തോടെ അതിജീവിച്ച സച്ചിന്‍ അടുത്ത പന്തിലെ സ്റ്റമ്പിംഗില്‍ നിന്നും ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

സച്ചിന്‍ നല്‍കിയ അഞ്ച് ക്യാച്ചുകളാണ് പാക് താരങ്ങള്‍ വിട്ടുകളഞ്ഞത്. തന്റെ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ ഏറെ അവിശ്വസനീയതയോടെയാണ് അഫ്രീഡി വീക്ഷിച്ചത്. അബ്ദുള്‍ റസാഖ്, യൂനിസ് ഖാന്‍, കമ്രാന്‍ അക്മല്‍ എന്നീ സീനിയര്‍ താരങ്ങളായിരുന്നു സച്ചിന് പലതവണ ജീവന്‍ നല്‍കിയത്.

ഇടിവെട്ടായി വഹാബ് റിയാസ്
ഇടംകൈയ്യന്‍ പേസര്‍ വഹാബ് റിയാസായിരുന്നു മൊഹാലിയില്‍ പാക്കിസ്ഥാന്റെ താരം. മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ വഹാബ് അഞ്ചുവിക്കറ്റുകളാണ് വീഴ്ത്തിയത്. പരിചയസമ്പന്നനായ അക്തറിനെ പുറത്തിരുത്തി റിയാസിനെ കളിപ്പിക്കാനുള്ള അഫ്രീഡിയുടെ തീരുമാനം മികച്ച പ്രകടനത്തിലൂടെ ന്യായീകരിക്കാനും റിയാസിന് കഴിഞ്ഞു.

10 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് റിയാസ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. സെവാഗ്, കൊഹ്‌ലി, യുവരാജ്, സഹീര്‍ ഖാന്‍, ധോണി എന്നിവരായിരുന്നു റിയാസിന് ഇരകളായത്.

കത്തിപ്പടര്‍ന്ന് ഇന്ത്യന്‍ ബൗളിംഗ്
ഏറ്റവും നിര്‍ണായക മല്‍സരത്തില്‍ അതിമനോഹരമായി പന്തെറിയുന്ന ടീം ഇന്ത്യയെയായിരുന്നു മൊഹാലിയില്‍ കണ്ടത്. അടിച്ചുകളിക്കുകയായിരുന്ന കമ്രാന്‍ അക്മലിനെ പുറത്താക്കി സഹീറായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 43 റണ്‍സെടുത്ത ഹഫീസിനെ മുനാഫ് പട്ടേല്‍ മടക്കി. തുടര്‍ന്നെത്തിയ യൂനിസ് ഖാനും ഷഫീഖും വിക്കറ്റ് പോകാതെ മുട്ടിനിന്നപ്പോള്‍ റണ്‍റേറ്റ് നാലിലേക്കു താഴ്ന്നു.

എന്നാല്‍ ബാറ്റിംഗില്‍ പരാജയമായ യുവരാജ് ഒരിക്കല്‍ക്കൂടി ടീം ഇന്ത്യയുടെ രക്ഷകനായി. ഷഫീഖിന്റെ കുറ്റി പിഴുത് യുവി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മികച്ച പന്തിലൂടെ യൂനിസ് ഖാനെയും യുവരാജ് വീഴ്ത്തി. എന്നാല്‍ ഉമര്‍ അക്മല്‍ എത്തിയതോടെ പന്ത് നിലംതൊടാതെ പറക്കാന്‍ തുടങ്ങി. അപകടം മണത്ത ധോണി ഹര്‍ഭജനെ പന്തേല്‍പ്പിച്ചു. ഉമര്‍ അക്മലിന്റെ സ്റ്റമ്പ്് തെറിപ്പിച്ച് ഹര്‍ഭജന്‍ ടീം ഇന്ത്യയുടെ മാനം കാത്തു. ഉമര്‍ അക്മലിന്റെ വിക്കറ്റ് വീണതായിരുന്നു കളിയില്‍ നിര്‍ണായകമായത്.

കൂറ്റനടിക്ക് പേരുകേട്ട അബ്ദുള്‍ റസാഖിനെ മുനാഫ് പട്ടേലും ക്യാപ്റ്റന്‍ അഫ്രീഡിയെ ഹര്‍ഭജനും പവലിയനിലേക്ക് മടക്കി. തകര്‍ച്ചയ്ക്കിടയിലും അര്‍ധസെഞ്ച്വറി കണ്ടെത്തിയ മിസ്ബാ ഏറ്റവുമൊടുവില്‍ പുറത്താകുമ്പോള്‍ കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ആരാധകര്‍ ആവേശക്കൊടുമുടിയിലായിരുന്നു.

Advertisement