മുംബൈ: പരമ്പര സ്വന്തമാക്കാന്‍ ഒരുങ്ങിയിറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ച്ചയോടെ തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നിന് 87 റണ്‍സ് എന്ന നിലവിലാണ് ആതിഥേയര്‍.

ഓപ്പണര്‍ ഗൗതം ഗംഭീറും നൂറാം ടെസ്റ്റ് കളിക്കുന്ന വീരേന്ദര്‍ സെവാഗും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം പവലിയനിലേയ്ക്ക് മടങ്ങിക്കഴിഞ്ഞു. ടിം ബ്രെസ്‌നന് പകരം ടീമിലെത്തിയ സ്പിന്നര്‍ മോണ്ടി പനേസറാണ് സെവാഗിനെയും സച്ചിനെയും പുറത്താക്കിയത്.

43 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത സെവാഗിനെയും 12 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത സച്ചിനെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു പനേസര്‍.

മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.  ഹര്‍ഭജന്റെ 99-ാം ടെസ്റ്റും സേവാഗിന്റെ 100-ാം ടെസ്റ്റുമാണിത്.

Ads By Google

ഇംഗ്ലണ്ട് ടീമിലും രണ്ട് മാറ്റങ്ങള്‍ ഉണ്ട്. ഇയാന്‍ ബെല്ലിന് പകരം ജോണി ബ്രസ്‌റ്റോയും പേസ് ബോളര്‍ ടിം ബ്രിസ്‌നന് പകരം മോണ്ടി പനേസറും ടീമില്‍ ഇടം നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മല്‍സരം ഇന്ത്യ ജയിച്ചിരുന്നു.

ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ധോണി നടത്തിയ പ്രസ്താവന വന്‍ വിവാദത്തിലാണ് കലാശിച്ചത്. ടെസ്റ്റിന്റെ ആദ്യ ദിവസം മുതല്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് തനിക്ക് വേണ്ടതെന്ന് ധോണി പറഞ്ഞു.

ടോസ് ലഭിക്കുന്നതിന്റെ പ്രാധാന്യം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ പിച്ചുകളുടെ സ്പിന്‍സ്വഭാവം തുടക്കം മുതല്‍ സമാനമാക്കുന്നതിനെക്കുറിച്ച് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി ധോണി തന്നെ രംഗത്തെത്തുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വന്‍ തിരിച്ചടിയായിരുന്നു. സ്പിന്‍ വിക്കറ്റുകളിലെ പരിചയക്കുറവ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തില്‍ നിഴലിച്ചു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇയാന്‍ ബെല്‍ നാട്ടിലേക്ക് മടങ്ങിയത് അവര്‍ക്ക് ഈ ടെസ്റ്റില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ടീം ഇന്ത്യ   : വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, മഹേന്ദ്രസിങ് ധോണി, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ.

ഇംഗ്ലണ്ട് ടീം:    അലിസ്റ്റര്‍ കുക്ക്, നിക് കോംപ്റ്റന്‍, ജോനാഥാന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സന്‍, ജോണി ബ്രിസ്‌റ്റോ, സമിത് പാട്ടീല്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ഗ്രെയിം സ്വാന്‍, മോണ്ടി പനേസര്‍, ജയിംസ് ആന്‍ഡേഴ്‌സന്‍.