കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഔദ്യോഗിക ബാങ്കായി ഫെഡറല്‍ ബാങ്കിനെ തിരഞ്ഞെടുത്തു. ജനുവരി 15ന് നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പന പൂര്‍ണമായി ഫെഡറല്‍ ബാങ്ക് വഴിയായിരിക്കും.

Ads By Google

ഡിസംബര്‍ അവസാനവാരത്തോടെയാണ് ടിക്കറ്റ് വില്‍പ്പന നടക്കുക.  ഓണ്‍ലൈനായും തുടര്‍ന്ന് തിരഞ്ഞെടുത്ത ശാഖകള്‍ വഴിയും വില്‍പന നടത്തും.

മല്‍സര ദിവസം ഉള്‍പ്പെടെ അവസാന മൂന്നുദിവസം പാലാരിവട്ടം ശാഖ വഴിയും സ്‌റ്റേഡിയത്തിലെ താല്‍ക്കാലിക കൗണ്ടര്‍ വഴിയും മാത്രമാവും ടിക്കറ്റ് വില്‍പന.

എന്നാല്‍ എത്ര ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്ക് വഴി ലഭ്യമാക്കുമെന്നതില്‍ ധാരണയായിട്ടില്ലെന്നതാണ് അറിയുന്നത്. ഫെഡറല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യാന്‍ അടുത്തിടെയാണ് തീരുമാനമായത്.

അഹമ്മദാബാദില്‍ വെച്ച് നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തിളക്കമാര്‍ന്ന വിജയമാണ് ഇന്ത്യ നേടിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അതിഥികളായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.