എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം: യുവരാജ് സിങ് ടീമില്‍
എഡിറ്റര്‍
Monday 5th November 2012 12:28pm

മുംബൈ: ഇംഗ്ലണ്ടിനെതിരെ ഈമാസം 15ന് അഹമ്മദാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്ങും ഹര്‍ഭജനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ സെലക്ഷന്‍ കമ്മറ്റിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മോശം ഫോമിനെ തുടര്‍ന്നാണ് ഹര്‍ഭജന്‍ സിങ്ങിന് ഏറെ നാളായി പുറത്തിരിക്കേണ്ടി വന്നത്.

Ads By Google

അടുത്തിടെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സുരേഷ് റെയ്‌നയ്ക്ക് പകരം മുരളി വിജയ് ടീമിലെത്തി. ഹര്‍ഭജനൊപ്പം പ്രഗ്യാന്‍ ഓജയും ആര്‍ അശ്വിനും സ്പിന്നര്‍മാരായി ടീമില്‍ ഇടംനേടി. ഇഷാന്ത് ശര്‍മയും ടീമില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ട്വന്റി-20 ലോകകപ്പിലാണ് യുവരാജ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്ന ദുലീപ് ട്രോഫിയില്‍ മധ്യമേഖലക്കെതിരെ ഉത്തരമേഖലക്കുവേണ്ടി ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. ഏത് മത്സരത്തിന് തയ്യാറാണെന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലാണ് യുവരാജ് അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അന്നത്തെ മത്സരം.

ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, ചേതേശ്വര്‍ പൂജാര, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, അജിന്‍ക്യാ രഹാനെ, ഹര്‍ഭജന്‍ സിങ്, ഇഷാന്ത് ശര്‍മ, മുരളി വിജയ്, സഹീര്‍ ഖാന്‍

Advertisement