ന്യൂദല്‍ഹി: പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ഇന്ത്യ വിസ നിഷേധിച്ചു. ദല്‍ഹിയില്‍ ഈ ആഴ്ച നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനായിരുന്നു മുഷറഫ് വിസക്ക് അപേക്ഷിച്ചത്. എന്നാല്‍ മുഷറഫ് അടുത്തിടെ ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രാലയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചതെന്നാണ് സൂചന. കാശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് മുഷറഫിന്റെ സാന്നിധ്യം ദോഷകരമാണെന്നും ആഭ്യന്തര വകുപ്പ് കരുതുന്നുണ്ട്.

ഇന്ത്യയില്‍ വരുന്നതിനും മൂന്ന് നഗരങ്ങളില്‍ പോകുന്നതിനുമാണ് മുഷറഫ് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷ നല്‍കിയിരുന്നത്. യങ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ എന്ന അന്താരാഷ്ട്ര സംഘടന സംഘടിപ്പിച്ച പരിപാടിയിലേക്കാണ് മുഷറഫിന് ക്ഷണം ലഭിച്ചത്. ശനിയാഴ്ച ദല്‍ഹിയിലാണ് ചടങ്ങ് നടക്കുന്നത്. പരിപാടിയില്‍ അതിഥി പ്രഭാഷകനായിരുന്നു മുഷറഫ്.

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഇന്ത്യ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണെന്നും അതിന് തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും മുഷറഫ് അടുത്തിടെ പറഞ്ഞിരുന്നു. ബലൂചിസ്ഥാനിലും അഫ്ഗാനിലും ഇന്ത്യ നടത്തുന്ന ഇടപെടലാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ ബ്രിട്ടണിലാണ് മുഷറഫ് കഴിയുന്നത്. 2005ല്‍ പാകിസ്ഥാന്‍ പ്രസിഡന്റായിരിക്കെ ഇന്ത്യ സന്ദര്‍ശിച്ച മുഷറഫ് അധികാരം നഷ്ടപ്പെട്ട ശേഷം 2009ലും ഇന്ത്യയിലെത്തിയിരുന്നു.