ബെയ്ജിംഗ്: പരുത്തി കയറ്റുമതി നിരോധന നിയമം ഇന്ത്യ പ്രാബല്യത്തില്‍ കൊണ്ടുവരാനിരിക്കെ, ഇന്ത്യയുടെ നിലപാടില്‍ ചൈനയും ബംഗ്ലാദേശും പ്രതിഷേധം പ്രകടിപ്പിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരുത്തി ഉപയോഗിക്കുന്ന രാജ്യമായ ചൈന, ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ കോട്ടണ്‍ അസോസിയേഷന് കത്തയച്ചിട്ടുണ്ട്. കയറ്റുമതി നിരോധിച്ച വാണിജ്യ മന്ത്രാലയത്തിന്റെ നടപടി പരിശോധിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടതിനെ ചൈന സ്വാഗതം ചെയ്തിട്ടുണ്ട്.

തങ്ങളുടെ വസ്ത്രവ്യവസായ മേഖലയെ ഇന്ത്യയുടെ നടപടി പ്രതിസന്ധിയിലാക്കുമെന്നു ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി എം. ഗുലാം ഹുസൈന്‍ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കു വിരുദ്ധമാണ് ഇന്ത്യയുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാറിന് ബംഗ്ലാദേശ് കത്തെഴുതിയിട്ടുമുണ്ട്.

അതേസമയം, പരുത്തി നിരോധനം പരിശോധിക്കാന്‍ ചേര്‍ന്ന മന്ത്രിതല സമിതി അന്തിമ തീരുമാനത്തിലെത്താതെ പിരിഞ്ഞു. സമിതി ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. എന്നാല്‍ നിരോധനം വൈകാതെ നീക്കുമെന്നു വാണിജ്യകാര്യ സെക്രട്ടറി രാഹുല്‍ ഖുല്ലര്‍ അറിയിച്ചു.
ചൈനിയിലെ പരുത്തി ഉപഭോക്താക്കളെയും ഇന്ത്യയിലെ കര്‍ഷകരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണ് നിരോധനം. ചൈനിയിലെ വന്‍കിട കമ്പനികളെയും വ്യാപാരികളെയും നിരോധനം പ്രതികൂലമായി ബാധിക്കും.

ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പരുത്തി കയറ്റുമതി നിരോധിച്ചത്. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ഇന്ത്യ പരുത്തി കയറ്റുമതി നിരോധിക്കുന്നത്. ശരദ് പവാറുമായി ചര്‍ച്ച ചെയ്യാതെയായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതുകൊണ്ടു തന്നെ പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ കൃഷിമന്ത്രി ശരദ്പവാര്‍ രംഗത്തു വന്നിരുന്നു. പരുത്തി ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

അതിനിടെ, രാജ്യത്ത് നിന്നുള്ള പരുത്തി കയറ്റുമതി നിരോധിക്കാനുള്ള നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. മാര്‍ച്ച് നാലിനു മുമ്പ് തയ്യാറാക്കിയ പരുത്തി കര്‍ഷകര്‍ക്ക് കയറ്റുമതി ചെയ്യാമെന്ന് വാണിജ്യ മന്ത്രാലയം ഇന്നലെ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധിച്ചതിനേത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ പരുത്തി വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

പരുത്തി കയറ്റുമതി നിരോധനം പുനപരിശോധിക്കുന്നു

Malayalam news

Kerala news in English