ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ വ്യാപാരകരാറിലേക്ക്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ തയ്യാറാകുന്നതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു. ദല്‍ഹിയിലെത്തിയ പാക്കിസ്ഥാന്‍ വാണിജ്യമന്ത്രി മുഹമ്മദ് അമീന്‍ ഫഹീമുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ് ശര്‍മ.

ഇന്ത്യയും പാക്കിസ്ഥാനുംറോഡു മാര്‍ഗ്ഗമുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് വേണ്ടി അന്താരാഷ്ട്ര അതിര്‍ത്തിയായ അട്ടാരിയിലുള്ള ചെക്‌പോസ്റ്റ് വെള്ളിയാഴ്ച തുറന്നിരുന്നു. അട്ടാരിയില്‍ പുതുതായി പണിത സംയോജിത ചെക്‌പോസ്റ്റ് ആഭ്യന്തരമന്ത്രി പി. ചിദംബരമാണ് ഉദ്ഘാടനം ചെയ്തത്. അതിര്‍ത്തിയിലുള്ള സംയോജിത ചെക്‌പോസ്റ്റ് വഴിയുള്ള വ്യാപാരം പത്തിരട്ടി വര്‍ധിപ്പിക്കുക എന്നതാണ് ഇരു സര്‍ക്കാരുകളുടേയും ലക്ഷ്യം.

Subscribe Us:

150 കോടി രൂപ മുടക്കി 120 ഏക്കറില്‍ നിര്‍മ്മിച്ച ചെക്‌പോസ്റ്റ് അമൃത്സറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ്. ചരക്കുനീക്കത്തിനും യാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനും വെവ്വേറെ ടെര്‍മിനലുകള്‍ ഉണ്ടാവും. 16 എമിഗ്രേഷന്‍ കൗണ്ടറും 12 കസ്റ്റംസ് കൗണ്ടറും ഇവിടെയുണ്ട്. 230 കേ്‌ളാസ്ഡ് സര്‍ക്യൂട്ട് ടി.വി കാമറകളും ഹെലിപാഡും സജ്ജീകരിച്ചിട്ടുള്ള ചെക്‌പോസ്റ്റാണിത്.

പാകിസ്ഥാനില്‍നിന്ന് പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നത് കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും മറ്റും സഹായകമാകുമെന്നും അതുവഴി നയതന്ത്ര ബന്ധമടക്കം സുദൃഢമാക്കാനും കഴിയുമെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.

നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും വൈകാതെ വിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാങ്കിങ് മേഖലയിലും വ്യവസായമേഖലയിലും നിക്ഷേപമിറക്കാന്‍ താത്പര്യമുണ്ടെന്ന് പാക്കിസ്ഥാന്‍ താത്പര്യം പ്രകടിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളുടെയും ബാങ്കിങ് ശൃംഖല രണ്ടിടത്തും തുറക്കാന്‍ വേണ്ടുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനും ശാഖകള്‍ തുറക്കുന്നതിന് അനുകൂലവുമാണ്. വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വേണ്ടി ഇന്ത്യ-പാക് വ്യവസായ കൗണ്‍സിലും വൈകാതെ തുടങ്ങുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

വിവിധോദ്ദേശ വ്യാപാരത്തിനുള്ള വിസ അനുവദിക്കുന്നതിന് വേണ്ടിയുള്ള കരാര്‍ ഇരുരാജ്യങ്ങളും വൈകാതെ ഒപ്പുവെക്കും. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷമായിരിക്കും വിസയുടെ കാലാവധി. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ പരസ്പര വ്യാപാരം 250 കോടി ഡോളറില്‍ നിന്നും മുന്നോട്ടു പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനന്ദ് ശര്‍മ്മ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ് ശര്‍മ്മയോടൊപ്പം പാക് വാണിജ്യമന്ത്രി മുഹമ്മദ് അമീന്‍ ഫഹീം, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദല്‍, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ശഹ്ബാസ് ശെരീഫ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.