ന്യൂദല്‍ഹി: ലോക രാജ്യങ്ങളില്‍ വെച്ച് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ പിറകിലാണെന്ന് കണക്കുകള്‍. ഒരു വയസ്സിനും അഞ്ചു വയസ്സിനുമിടയില്‍ പ്രായം വരുന്ന പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളേക്കാള്‍ 75 ശതമാനം കൂടുതല്‍ മരണം സംഭവിക്കുന്നത് പെണ്‍കുട്ടികള്‍ക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്രയും വ്യത്യാസം മറ്റൊരു രാജ്യത്തും ഉണ്ടാവില്ലെന്നാണ് അറിയുന്നത്. യുനൈറ്റഡ് നാഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയര്‍സ് പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ 140 രാജ്യങ്ങളുടെ കഴിഞ്ഞ 40 വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ ഇന്ത്യയും ചൈനയുമാണ് പെണ്‍ ശിശുമരണ നിരക്കില്‍ മുന്‍പന്തിയില്‍.

Subscribe Us:

എന്നാല്‍ ലോകത്തെ ശിശുമരണ നിരക്കിലെ ആണ്‍ പെണ്‍ അനുപാതം എടുത്തുനോക്കുമ്പോള്‍ 100 പെണ്‍കുട്ടികള്‍ മരണമടയുമ്പോള്‍ 97 ആണ്‍കുട്ടികളും മരണമടയുന്നുണ്ട്.

2000 ത്തില്‍ 100 പെണ്‍കുട്ടികളും 57 ആണ്‍കുട്ടികളും എന്നതായിരുന്നു മരണ നിരക്ക. എന്നാല്‍ അതില്‍ നിന്നും വലിയ തോതിലുള്ള വ്യതിയാനമാണ് ഇപ്പോള്‍ ഉണ്ടായത്.

പെണ്‍കുഞ്ഞുങ്ങളുടെ മരണ നിരക്ക് കൂടി വരികയാണെന്ന് മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ പോപുലേഷന്‍ സ്റ്റഡീസിലെ പ്രൊഫ അരോക്യ സ്വാമി വ്യക്തമാക്കി. നല്ല ഭക്ഷണവും പരിചണവും ആരോഗ്യസംരക്ഷണവും എല്ലാം വേണ്ടവിധത്തില്‍ കൊടുക്കാത്തതാണ് പല കുട്ടികളും ഒരു വയസ്സുപോലും എത്തുന്നതിന് മുന്‍പ് മരണമടയാന്‍ കാരണമാകുന്നത്.

പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിചരണമൊന്നും ഇന്ത്യയില്‍ കൊടുക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ പെട്ടന്ന് തന്നെ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ശിശുമരണ നിരക്കില്‍ പെണ്‍കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയ്ക്കാനായി ക്യാമ്പയിനുകളും സെമിനാറുകളും സംഘടിപ്പിക്കണം. പെണ്‍കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞാലുണ്ടാകുന്ന ഭ്രൂണഹത്യകളും ഒരു പരിധി വരെ മരണ നിരക്ക് കൂട്ടുന്നതിന്  കാരണമാകുന്നുണ്ട്.

സമൂഹത്തില്‍ വിദ്യാഭ്യാസവും ജോലിയും ഉള്ളവര്‍ പോലും ഇത്തരം ഭ്രൂണഹത്യകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണ്. ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും രണ്ടു തട്ടുകളിലായി കാണുന്ന ആള്‍ക്കാര്‍ വരെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News

Kerala News In English