Categories

യുവരാജകീയം ഇന്ത്യന്‍ ജയം; ഉയിര്‍ത്തെണീറ്റ് ഇംഗ്ലണ്ട്

ബാംഗ്ലൂര്‍: അട്ടിമറി മോഹങ്ങളുമായെത്തിയ അയര്‍ലന്റിനെ ടീം ഇന്ത്യ അഞ്ചുവിക്കറ്റിന് തകര്‍ത്തു. ബൗളിംഗില്‍ നിര്‍ണായകമായ അഞ്ചുവിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്ത യുവരാജ് സിംഗാണ് കളിയിലെ താരം. സ്‌കോര്‍ അയര്‍ന്റ് 207, ഇന്ത്യ: 5/ 210.

ടോസ് നേടിയ ക്യാപ്റ്റന്‍ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് സഹീര്‍ ഖാന്‍ തുടങ്ങി. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സെടുക്കുന്നതിന് മുമ്പേ രണ്ട് ഓപ്പണര്‍മാരും പുറത്ത്. എന്നാല്‍ മൂന്നാംവിക്കറ്റിന് ഒബ്രയനും പോര്‍ട്ടര്‍ഫീല്‍ഡും ചേര്‍ന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അയര്‍ലന്റ് മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്നു തോന്നിച്ച ഘട്ടത്തിലായിരുന്നു യുവി തന്റെ മാസ്മരികബൗളിംഗുമായി എത്തിയത്.

10 ഓവറില്‍ വെറും 31 റണ്‍സ് മാത്രം വഴങ്ങിയാണ് യുവരാജ് കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം സ്വന്തമാക്കിയത്. പോര്‍ട്ടര്‍ഫീല്‍ഡ്, വൈറ്റ്, കെവിന്‍ ഒബ്രയന്‍, കുസാക്ക്, മൂണി തുടങ്ങിയവരായിരുന്നു യുവിയുടെ ഇരകള്‍. ഇന്ത്യക്കായി മൂന്നുവിക്കറ്റ് വീഴ്ത്തിയ പേസര്‍ സഹീര്‍ യുവിക്ക് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിംഗില്‍ വേഗം കുറഞ്ഞ പ്രകടനമായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സെവാഗും (5) ഗംഭീറും (10) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ സച്ചിനും (38) കോഹ് ലിയും (34) ചേര്‍ന്ന് ഇന്ത്യയെ വിജയവഴിയിലെത്തിക്കുകയായിരുന്നു. ഇരുവരും പെട്ടെന്ന് പുറത്തായെങ്കിലും യുവരാജ് സിംഗും (50*) യൂസഫ് പഠാനും (30) ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ഇംഗ്ലീഷ് വസന്തം വീണ്ടും
ചെപ്പൊക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് വസന്തം ഒരിക്കല്‍ക്കൂടി വിരിയുകയായിരുന്നു. അയര്‍ന്റിനെതിരായ അട്ടിമറിതോല്‍വിയുടെ പരിഭ്രമത്തില്‍ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക വരിഞ്ഞുമുറുക്കി. വെറും 171 റണ്‍സിന് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക പുറത്താക്കി.

60 റണ്‍സ് നേടിയ രവി ബൊപ്പാരയും 52 റണ്‍സ് നേടിയ ട്രോട്ടുമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലുവിക്കറ്റ് വീഴ്ത്തി സൗത്താഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ തഹീര്‍ വീണ്ടും തിളങ്ങിയപ്പോള്‍ പീറ്റേര്‍സണ്‍ മൂന്നും മോര്‍ക്കല്‍ രണ്ടും വിക്കറ്റു വീഴ്ത്തി.

എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന മോഹവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 63 റണ്‍സിന് ആദ്യ വിക്കറ്റ് വീണതോടെ ദക്ഷിണാഫ്രിക്കയുടെ ദുര്യോഗം തുടങ്ങുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുതുടങ്ങിയതോടെ റണ്‍നിരക്ക് ഇടിഞ്ഞു. ഒടുവില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലക്ഷ്യത്തിന് ആറു റണ്‍സ് അകലെ വെച്ച് ദക്ഷിണാഫ്രിക്ക പോരാട്ടം അവസാനിച്ചു.

നാലുവിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. ആന്‍ഡേര്‍സണ്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. രവി ബൊപ്പാരയാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.